നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് കാണാതായ കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയെ കണ്ടെത്താന്‍ നെടുമ്പാശേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് പൊലീസ് നടപടി.
കൊച്ചി: കുവൈത്തിൽ നിന്നെത്തി നെടുമ്പാശേരിയിൽ വിമാനമിറങ്ങിയശേഷം കാണാതായ കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയെ കണ്ടെത്താന്‍ നെടുമ്പാശേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സൂരജ് ലാമയെ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് പൊലീസ് നടപടി. ഒക്ടോബര്‍ അഞ്ചിനാണ് ലാമയെ വിമാനത്താവളത്തില്‍ നിന്ന് കാണാതായത്. ഓർമ നഷ്ടപ്പെട്ട ഇദ്ദേഹത്തെ കളമശേരിയിലും സമീപ പ്രദേശങ്ങളിലും കണ്ട കാര്യം ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പിതാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകൻ സന്ദൻ ലാമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഡപ്യൂട്ടി കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് സിംഗിൾ ബെഞ്ച് നിർദേശിച്ചത്.
കുവൈത്തിൽ അടുത്തിടെയുണ്ടായ വിഷമദ്യ ദുരന്തത്തിനിരയായി ഓര്‍മ്മ നഷ്ടപ്പെട്ടയാളാണ് സൂരജ് ലാമ. കൊച്ചിയിൽ വിമാനം ഇറങ്ങിയ സൂരജ്, മെട്രോയുടെ ഫീഡർ ബസിൽ ആലുവ മെട്രോ സ്റ്റേഷനിൽ എത്തിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. പിന്നീട് 10നാണ് സൂരജിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. പത്തിന് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ കാര്യമായ അസുഖങ്ങളൊന്നും കണ്ടെത്താതിരുന്നതിനെ തുടർന്നു ഡിസ്ചാർജ് ചെയ്തു. അപ്പോഴൊന്നും ആശുപത്രി അധികാരികൾക്കോ പൊലീസിനോ സൂരജ് ആരാണെന്നോ എങ്ങനെയാണ് കൊച്ചിയിൽ എത്തിയതെന്നോ അറിയില്ലായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് കുവൈത്തിൽ നിന്ന് സൂരജിനെ കൊച്ചിയിലേക്ക് വിമാനം കയറ്റിവിട്ട കാര്യം ബെംഗളൂരുവിലെ സൂരജിന്റെ കുടുംബം അറിയുന്നത്.
വിഷമദ്യദുരന്തത്തെ തുടര്‍ന്ന് ഓര്‍മ്മ നഷ്ടപ്പെട്ട സൂരജിനായി തെരച്ചില്‍ തുടര്‍ന്ന കുടുംബം നെടുമ്പാശ്ശേരി പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് ഈ വാര്‍ത്ത പുറംലോകം അറിയുന്നത്. സൂരജിന്‍റെ മകൻ സന്ദൻ ലാമയും പൊലീസും നടത്തിയ അന്വേഷണങ്ങളില്‍ സൂരജിനെ കണ്ടെത്താനായില്ല. മറവിരോഗമുള്ള വ്യക്തിയെ നാടുകടത്തിയപ്പോൾ ഇക്കാര്യം വീട്ടുകാരെ ആരെയും അറിയിച്ചില്ല. ബെംഗളൂരുവിലിലേക്ക് വിടുന്നതിന് പകരം കൊച്ചിയിലേക്കാണ് സൂരജ് ലാമയെ വിട്ടത്.


