തിരുവനന്തപുരം: പിറന്ന മണ്ണിലേക്ക് മടങ്ങാനുള്ള ആഗ്രഹം നിരന്തരം അട്ടിമറിക്കപ്പെടുന്നതിലുള്ള പ്രവാസികളുടെ ദുഖവും രോഷവും വെളിപ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസിൻ്റെ പ്രത്യേക പരിപാടി കരുതലോ കുടുക്കോ മാറി. വന്ദേഭാരത് വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കാൻ പ്രയാസം നേരിടുകയും ചാർട്ടേഡ് വിമാനത്തിൽ തിരികെ വരുന്ന പ്രവാസികൾക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കുകയും ചെയ്തതോടെ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ ലക്ഷക്കണക്കിന് പ്രവാസികൾക്ക് തിരികെ വരാൻ സാധിക്കാത്ത അവസ്ഥ രൂപപ്പെട്ടിരുന്നു.  

ഈ സാഹചര്യത്തിലാണ് പ്രവാസികൾ നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യാൻ കരുതലോ... അതോ.. കുടുക്കോ എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക പരിപാടി സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളിലും പ്രമുഖരും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ഒന്നരമണിക്കൂർ നീണ്ട സംവാദത്തിൻ്റെ ഭാഗമായി. 

ആനത്തലവട്ടം ആനന്ദൻ - സിപിഎം 
കൊവിഡിന് പാവങ്ങളെന്നോ പണക്കാരെന്നോ കൂലിവേലക്കാരനെന്നോ വ്യത്യാസമില്ല. ഏതെങ്കിലും പ്രദേശത്തിന് മാത്രമല്ല. ലോകരാജ്യങ്ങളിലെല്ലാം കൊവിഡ് ബാധിച്ചിട്ടുണ്ട്. ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ പ്രധാനമന്ത്രി പറഞ്ഞത് നിങ്ങൾ എവിടെ നിൽക്കുന്നോ അവിടെ തുടരാനാണ്. അന്യദേശത്ത് കുടുങ്ങിയ പൗരൻമാരുടെ ചുമതല അതതു പ്രാദേശിക സ‍ർക്കാരുകൾക്കാണ് നൽകി. 

അന്താരാഷ്ട്ര തലത്തിൽ വിവിധ രാജ്യങ്ങളും സ്വന്തം നാട്ടിലെ വിദേശ പൗരൻമാരെ സംരക്ഷിക്കാൻ വേണ്ട നടപടിയെടുത്തു. ആ ബാധ്യത നിറവേറ്റാൻ എല്ലാ സ‍ർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്. ഒരു വിമാനത്തിൽ 300-ലേറെ യാത്രക്കാ‍ർ വരുന്ന ഘട്ടത്തിൽ അതിൽ രണ്ടോ മൂന്നോ പേ‍ർ കൊവിഡ് പൊസീറ്റീവായാൽ പോലും മുഴുവൻ യാത്രക്കാ‍ർക്കും അപകടം സൃഷ്ടിക്കും. തിരികെ വരുന്ന പ്രവാസികളുടെ കുടുംബത്തെക്കുറിച്ച് സ‍ർക്കാരിന് ആശങ്കയുള്ളതിനാലാണ് എല്ലാവരും കൊവിഡ് ടെസ്റ്റ് നടത്തി വരണം എന്ന് സ‍ർക്കാർ ആവശ്യപ്പെടുന്നു. ‌

​ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് വേണ്ടത് നോർക്കയുടെ സഹായമോ കേന്ദ്രസർക്കാരിന്റെ സഹായമോ ലഭ്യമാക്കണമെങ്കിൽ അതിനു വേണ്ടത് ചെയ്യണം. എന്നാൽ അതിൻ്റെ പേരിൽ പ്രവാസികളെ യാതൊരു നിയന്ത്രണവും ഇല്ലാതെ കൊണ്ടു വരുന്നതിനോട് യോജിപ്പില്ല. കൊവിഡ് ടെസ്റ്റ് നടത്താൻ വേണ്ട സൗകര്യം എന്താണോ അതേക്കുറിച്ച് ചർച്ച ചെയ്യാം. പ്രവാസികളെ കൊണ്ടു വരാൻ മുൻകൈയ്യെടുക്കുന്ന സന്ന​ദ്ധ സംഘടനകൾക്ക് അവരുടെ കൊവി‍ഡ് ടെസ്റ്റ് നടത്താനും സാധിക്കും. അവർക്ക് വേണ്ട സഹായം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാണ്. 

 
സുരേഷ് കുമാ‍ർ - സൗദി അറേബ്യയിൽ നിന്നുള്ള പ്രവാസി 

രണ്ട് വ‍ർഷമായി സൗദിയിലുള്ള തിരുവനന്തപുരം സ്വദേശിയായ പ്രവാസിയാണ് ഞാൻ. നാല് മാസമായി എനിക്ക് പണിയില്ല. ചില സംഘടനകളുടെ കാരുണ്യത്തിലാണ് ഭക്ഷണം കഴിച്ചു ജീവിക്കുന്നത്. നല്ലവരായ പ്രവാസി സുഹൃത്തുകളുടെ സഹായത്തോടെ 1800 റിയാൽ (ഏതാണ്ട് 32000 രൂപ) ചിലവാക്കി നാട്ടിലേക്കുള്ള വിമാനടിക്കറ്റ് എടുത്തു. അപ്പോഴാണ് സ‍ർക്കാ‍ർ കൊവിഡ് ടെസ്റ്റ് നി‍ർബന്ധമാക്കി ഉത്തരവ് ഇറക്കിയത്. 

ഇവിടെ നേരത്തെ തന്നെ പനി വന്നു ഞാൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നിട്ടും എനിക്ക് കൊവി‍ഡ് ടെസ്റ്റ് നടത്തിയില്ല. പനി വന്നു ശരീരോഷ്മാവ് നിശ്ചിത അളവിലും കൂടുതലാണെങ്കിൽ മാത്രമേ ഇവിടെയൊക്കെ പരിശോധന നടത്തൂ. പരിശോധനയ്ക്ക് സാംപിൾ എടുത്താലും എന്ന് ഫലം ലഭിക്കും എന്ന കാര്യത്തിലും വ്യക്തതയില്ല. മാത്രമല്ല ഒരു കൊവിഡ് ടെസ്റ്റ് നടത്താൻ 31000 രൂപ ചിലവാക്കണം. നാല് മാസമായി തൊഴിൽ ഇല്ലാതെ കുടുങ്ങികിടക്കുന്ന എന്നെ പോലൊരാൾ തന്നെ 60,000 രൂപയ്ക്ക് മേലെ ചിലവാക്കേണ്ടിവരുമ്പോൾ എങ്ങനെയാണ് തൊഴിൽ നഷ്ടമായവർക്ക് നാട്ടിലേക്ക് തിരിച്ചുവരാനാവുക. 

അബ്ദുൾ ജബാർ - കായംകുളം സ്വദേശി

റിയാദിൽ നിന്നും കൊവിഡിന് തൊട്ടുമുൻപായി നാട്ടിലെത്തിയ ആളാണ് ഞാൻ. കൊവിഡ് ടെസ്റ്റ് നടത്തി വിമാനത്തിൽ യാത്ര ചെയ്യുന്നതാണ് നല്ലത് എന്ന നിർദേശത്തെ ഞാൻ പിന്തുണയ്ക്കുന്നു. പ്രവാസി ക്ഷേമത്തിനായുള്ള സിഎസ്ആ‍ർ ഫണ്ടിൽ കോടിക്കണക്കിന് രൂപ എംബസികളുടെ കൈവശമുണ്ട്. ഈ പണം ഉപയോ​ഗിച്ച് പ്രവാസികൾക്ക് സൗജന്യ കൊവിഡ് ടെസ്റ്റ് നടത്താനും നാട്ടിൽ തിരിച്ചെത്തിക്കാനും സ‍ർക്കാർ തയ്യാറാവണം. പണ്ട് കുവൈത്ത് യുദ്ധമുണ്ടായപ്പോൾ ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ആളാണ് ഞാൻ. അന്ന് വിപി സിം​ഗ് സ‍ർക്കാർ സൗജന്യമായി ഞങ്ങളെ തിരികെയെത്തിച്ചു. അതേ രീതിയിലുള്ള നടപടിയാണ് ഇപ്പോൾ വേണ്ടത്. 

രാജ്മോഹൻ ഉണ്ണിത്താൻ - കോൺ​ഗ്രസ്

കേരള സ‍ർക്കാർ എന്ത് ആവേശത്തോടെയാണ് പ്രവാസികളെ കേരളത്തിലേക്ക് സ്വാ​ഗതം. രണ്ടരലക്ഷം പ്രവാസികളെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈനിൽ നി‍ർത്താൻ സൗകര്യമൊരുക്കിയതായും അവ‍ർ പറഞ്ഞു. ഇക്കാര്യം മൂന്ന് തവണ സ‍ർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. എന്നിട്ട് ഇപ്പോൾ എന്തായി. രണ്ട് ലക്ഷം പ്രവാസികൾ വന്നപ്പോൾ രണ്ടായിരം കൊവിഡ് കേസുകൾ വന്നെങ്കിൽ അതിനർത്ഥം വിദേശത്തു നിന്നും വന്നവരെല്ലാം കൊവിഡ് രോ​ഗികളാണെന്നാണോ ?  

റെജി മോൻ കുട്ടപ്പൻ - പ്രവാസി മാധ്യമപ്രവ‍ർത്തകൻ

ട്രൂനാറ്റ് ടെസ്റ്റ് നടത്തിയെങ്കിലും പ്രവാസികളെ നാട്ടിലേക്ക് അയക്കം എന്ന് കാണിച്ച് കേരള സ‍ർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ​ഗൾഫ് രാജ്യങ്ങളിലെവിടെയും ട്രൂനാറ്റ് ടെസ്റ്റ് നടത്തുന്നില്ല.ഇന്ത്യയിൽ തന്നെ ഈ അടുത്താണ് ഐസിഎംആ‍ർ ഇതിന് അം​ഗീകാരം നൽകിയത്. പിസിആ‍ർ ടെസ്റ്റ് നടത്താൻ പല അറബ് രാഷ്ട്രങ്ങളും നിയന്ത്രണങ്ങളേ‍ർപ്പെടുത്തിയിട്ടുണ്ട്. ​ഗൾഫിലെവിടേയും രോ​ഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് കൊവി‍ഡ് ടെസ്റ്റ് നടത്തില്ല. 

കടുത്ത മാനസിക സം​ഘർഷത്തിലൂടെയാണ് ഭൂരിപക്ഷം പ്രവാസികളും കടന്നു പോകുന്നത്. വിഷാദരോ​ഗത്തിലേക്ക് വഴുതി വീഴുകയാണ് പല മലയാളി പ്രവാസികളും നിരവധി മലയാളികൾ ഇതിനോടകം ആത്മഹത്യ ചെയ്തു. സ്ഥിതി​​ഗതികൾ ഈ രീതിയിൽ മുന്നോട്ട് പോയാൽ ഇനി സർക്കാർ കുറേശവപ്പെട്ടികൾ ​ഗൾഫിലേക്ക് അയച്ചു കൊടുത്താൽ മാത്രം മതിയാവും.  

എം.ടി. രമേശ്  - ബിജെപി

വന്ദേഭാരത് മിഷനിൽ 27 വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാം എന്ന് സംസ്ഥാന സർക്കാരിനെ കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ 11 വിമാനങ്ങൾ മാത്രം സർവ്വീസ് നടത്തിയാൽ മതിയെന്ന നിലപാടാണ് കേരളം അറിയിച്ചത്. വിമാനസർവ്വീസുകൾ നടത്തുന്നത് കേന്ദ്രമാണ് എന്നാൽ വിമാനങ്ങൾ വരാൻ അനുമതി നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. 48 മണിക്കൂറിനുള്ളിലെ കൊവിഡ് ടെസ്റ്റ് പരിശോധന ഫലവുമായി ഒരു പ്രവാസിയും കേരളത്തിലേക്ക് വരില്ല. ഒരു ഗൾഫ് രാജ്യത്തിലും ഇതിനു സൌകര്യമില്ല. പ്രവാസികൾ കേരളത്തിലേക്ക് വരേണ്ടതില്ല എന്നു സംസ്ഥാന സർക്കാർ തുറന്നു പറഞ്ഞാൽ പോരെ. ഇറ്റലിയിൽ നിന്നും വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് വേണം എന്ന് കേന്ദ്രം പറഞ്ഞപ്പോൾ അതു വേണ്ടെന്ന് പ്രമേയം പാസാക്കിയത് കേരള നിയമസഭയിലാണ്. 52000 പ്രവാസികൾ മാത്രമേ ഇതുവരെ വന്നുള്ളൂ. അപ്പോൾ തന്നെ ഇനിയിങ്ങോട്ട് പ്രവാസികൾ വേണ്ടെന്ന നിലപാടാണ് സംസ്ഥാ സർക്കാർ സ്വീകരിക്കുന്നത്.  


ഷറഫുദ്ദീൻ കണ്ണോത്ത് കെഎംസിസി - കുവൈത്ത്

കുവൈത്തിൽ നിന്നും കെഎംസിസി മൂന്നാമത്തെ വിമാനം ഇന്ന് പുറപ്പെടും. നാലാമത്തെ വിമാനത്തിനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെയാണ് കൊവിഡ് ടെസ്റ്റ് നി‍ർബന്ധമാക്കി കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് വരുന്നത്. ക്വാറൻ്റൈൻ കേന്ദ്രങ്ങളിൽ കഴിയുന്നവരോട് വളരെ മോശം പെരുമാറ്റമാണ് പലരും നടത്തുന്നത്. കൊവിഡിനെക്കുറിച്ചുള്ള അനാവശ്യഭീതിയാണ് ഇപ്പോൾ പ്രശ്നം. 22-ാം തീയതി കുവൈത്തിൽ നിന്നും അടുത്ത വിമാനം കണ്ണൂരിലേക്ക് അയക്കാൻ തയ്യാറെടുക്കുമ്പോൾ ആണ് ഈ പ്രതിസന്ധി. എങ്ങനെയും നാട് പിടിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന പ്രവാസികൾക്ക് കനത്ത പ്രഹരമാണ് ഇത്. 


സുനീർ ബാബു - അബുദാബി

സന്നദ്ധസംഘടനകൾ മുൻകൈയ്യെടുത്ത് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന ആനത്തലവട്ടം ആനന്ദൻ സാറിൻ്റെ അഭിപ്രായം കേട്ടു. നമ്മുടെ പൊതുഖജനാവിൽ നിന്നുള്ള ഫണ്ട് ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന നോർക്ക, ലോകകേരളസഭ തുടങ്ങിയ സംവിധാനങ്ങളുടെ ഇവരുടെ വകയായി ഒരു കുപ്പി വെള്ളം പോലും നമ്മുക്ക് ആ‍ർക്കും കിട്ടിയിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഏഴ് പേരാണ് അബുദാബിയിലെ വിവിധ കെട്ടിട്ടങ്ങളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ഇവരിൽ മൂന്ന് പേ‍ർ മലയാളികളാണ്. അത്രയും കടുത്ത മാനിസകസംഘ‍ർഷമാണ് പ്രവാസികൾ അനുഭവിക്കുന്നത്. നോർക്കയും ലോകകേരളസഭയും പോലുള്ള സംഘടനകൾ വഴി പ്രവാസികൾക്ക് ഒരു കുപ്പി വെള്ളമോ ഒരു നേരത്തെ ഭക്ഷണമോ എങ്കിലും എത്തിച്ചു തരാൻ സർക്കാർ ശ്രമിക്കണം.