Asianet News MalayalamAsianet News Malayalam

ആംബുലൻസുകൾക്ക് വഴി മാറികൊടുത്തില്ലെങ്കിൽ വാഹനങ്ങൾക്ക് പിഴ; നിരീക്ഷിക്കാന്‍ ഓട്ടോമാറ്റിക് സംവിധാനം ആരംഭിച്ചു

ആംബുലൻസുകൾക്ക് വഴി നൽകാതെ തടസ്സപ്പെടുത്തുന്നവരെയും അതിനെ പിന്തുടരുന്നവരെയും ഈ ഓട്ടോമാറ്റിക് സംവിധാനം സ്വയമേവ നിരീക്ഷിക്കുകയും നിയമലംഘനം രേഖപ്പെടുത്തുകയും ചെയ്യുന്നതിനാണ് തുടക്കമായത്. 

Strict penalties for drivers who are not giving way for ambulances in Saudi Arabia afe
Author
First Published Mar 28, 2023, 2:39 PM IST

റിയാദ്: സൗദി അറേബ്യയിൽ ആംബുലൻസുകൾക്ക് വഴി മാറികൊടുക്കാത്ത വാഹനങ്ങൾക്കെതിരെ നിയമനടപടി കർശനമാക്കി. ഇത്തരം വാഹനങ്ങളെ നിരീക്ഷിക്കുന്ന ഓട്ടോമാറ്റിക് സംവിധാനം ആരംഭിച്ചതായി സൗദി റെഡ്ക്രസൻറ് അതോറിറ്റി അറിയിച്ചു. ട്രാഫിക് വകുപ്പിന്റെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ഞായറാഴ്ച (മാർച്ച് 26) മുതൽ ഇത് നടപ്പായിട്ടുണ്ട്.

ആംബുലൻസുകൾക്ക് വഴി നൽകാതെ തടസ്സപ്പെടുത്തുന്നവരെയും അതിനെ പിന്തുടരുന്നവരെയും ഈ ഓട്ടോമാറ്റിക് സംവിധാനം സ്വയമേവ നിരീക്ഷിക്കുകയും നിയമലംഘനം രേഖപ്പെടുത്തുകയും ചെയ്യുന്നതിനാണ് തുടക്കമായത്. ജീവൻ സംരക്ഷിക്കുക, ട്രാഫിക് സുരക്ഷ വർധിപ്പിക്കുക, ഡ്രൈവർമാർ നിർദ്ദിഷ്ട റോഡിലെ നിർദ്ദിഷ്ട ട്രാക്കുകൾ തന്നെ പാലിക്കുന്നു എന്ന് ഉറപ്പാക്കുകയും അതിന്റെ ശതമാനം വർധിപ്പിക്കുകയും ചെയ്യുക എന്നിവ ലക്ഷ്യമിട്ടാണിത്.

ഇത് ആംബുലൻസ് സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് സഹായിക്കുമെന്നും റെഡ്ക്രസൻറ് വ്യക്തമാക്കി. രണ്ട് ട്രാക്ക് മാത്രമുള്ള റോഡാണെങ്കിൽ വാഹനങ്ങൾ ഇടതുവലത് ഭാഗങ്ങളിലേക്ക് കഴിയുന്നത്ര മാറിക്കൊടുത്ത് മധ്യ ട്രാക്ക് ആംബുലൻസിന് പോകാനായി ഒഴിവായികൊടുക്കണം. ഇനി റോഡ് മൂന്നോ അതിലധികമോ ട്രാക്കുകളുള്ളതാണെങ്കിൽ വലത്, മധ്യ ട്രാക്കുകളിലെ വഹനങ്ങൾ കഴിയുന്നത്ര വലതു വശേത്തക്കും ഇടത് പാതയിലോടുന്ന വാഹനങ്ങൾ കഴിയുന്നത്ര ഇടത് ഭാഗത്തേക്കും നീങ്ങി ആംബുലൻസിന് പോകാൻ വഴിയൊരുക്കണമെന്നും റെഡ്ക്രസൻറ് നിർദേശിക്കുന്നു.

തുടക്കത്തിൽ ആംബുലൻസുകളുടെ സഞ്ചാരം തടസ്സപ്പെടുത്തുക അല്ലെങ്കിൽ ആംബുലൻസിനെ പിന്തുടരുക എന്നീ നിയമലംഘനങ്ങളാണ് നിരീക്ഷിക്കുക. ‘വഴി വിശാലമാക്കി കൊടുക്കുക’ എന്ന ശീർഷകത്തിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച ബോധവത്കരണം ആരംഭിച്ചത്. ജീവൻ രക്ഷിക്കാൻ ആംബുലൻസുകൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ ബോധവത്കരണം നടത്തിയിരുന്നു. ആംബുലൻസുകൾക്ക് മുൻഗണന നൽകണമെന്നും ‘ഒരു മിനുട്ട്’ പോലും ജീവൻ രക്ഷിക്കാൻ വിലപ്പെട്ടതാകുമെന്നും ബോധവത്കരണ സന്ദേശത്തിൽ പറഞ്ഞിരുന്നു.

Read also: സൗദിയിലെ ബസപകടത്തിൽ പരിക്കേറ്റവരിൽ രണ്ട്​ ഇന്ത്യക്കാരും, ഒരാളുടെ നില ഗുരുതരം; മരണസംഖ്യ 21 ആയി

Follow Us:
Download App:
  • android
  • ios