ഷാർജയിൽ വ്യാപകമായി വൈദ്യുതി തടസ്സപ്പെട്ടു. പ്രമുഖ ഷോപ്പിംഗ് മാളായ സഹാറ സെന്‍റർ ഉൾപ്പെടെയുള്ള സ്ഥലങ്ങളെ വൈദ്യുതി തടസ്സം ബാധിച്ചു. അടുത്ത നാല് മണിക്കൂറിനുള്ളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് അതോറിറ്റി അറിയിച്ചു.
ഷാർജ: ഷാർജയിൽ വ്യാപകമായി വൈദ്യുതി തടസ്സപ്പെട്ടു. പ്രധാന വാണിജ്യ കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും ഞായറാഴ്ച വ്യാപകമായ രീതിയിൽ വൈദ്യുതി തടസ്സം നേരിട്ടു. പ്രമുഖ ഷോപ്പിംഗ് മാളായ സഹാറ സെന്‍റർ ഉൾപ്പെടെയുള്ള സ്ഥലങ്ങളെ വൈദ്യുതി തടസ്സം ബാധിച്ചു.
വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടർന്ന് നിരവധി താമസക്കാർ ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയെ ബന്ധപ്പെട്ടു. അടുത്ത നാല് മണിക്കൂറിനുള്ളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് അതോറിറ്റി താമസക്കാർക്ക് നൽകിയ മറുപടിയിൽ അറിയിച്ചു. തടസ്സം നേരിട്ടതിൽ ഖേദിക്കുന്നതായും സേവ അറിയിച്ചിട്ടുണ്ട്. പെട്ടെന്നുണ്ടായ വൈദ്യുതി തടസ്സത്തെ തുടർന്ന് ഷാർജയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള താമസക്കാർ സോഷ്യൽ മീഡിയയിലൂടെ വിവരങ്ങൾ പങ്കുവെച്ചു. പലയിടങ്ങളിലും ദൈനംദിന പ്രവർത്തനങ്ങൾക്കും ബിസിനസ്സുകൾക്കും തടസ്സം സൃഷ്ടിച്ചു. എന്ത് കാരണത്താലാണ് വൈദ്യുതി തടസ്സം ഉണ്ടായതെന്ന് അതോറിറ്റി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും അറ്റകുറ്റപ്പണികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.


