കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ സൂരജ് ലാമയുടെ മകൻ സാന്‍റൻ ലാമ. മാനസിക വെല്ലുവിളി നേരിടുന്ന പിതാവിനെ പോകാൻ അനുവദിച്ചെന്നും ആദ്യം അജ്ഞാതൻ എന്നാണ് രേഖപ്പെടുത്തിയതെന്നും മകൻ ആരോപിച്ചു.

കൊച്ചി: സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ മകൻ സാന്‍റൻ ലാമ. മാനസിക വെല്ലുവിളി നേരിടുന്ന പിതാവിനെ പോകാൻ അനുവദിച്ചെന്നും ആദ്യം അജ്ഞാതൻ എന്നാണ് രേഖപ്പെടുത്തിയതെന്നും മകൻ ആരോപിച്ചു. പിന്നീട് മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ സൂരജ് ലാമ എന്ന് തിരുത്തുകയായിരുന്നു.

പിതാവിനെ ജീവനോടെ കണ്ടെത്തി തരുമെന്ന് കമ്മീഷണർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പരിശോധന നടത്തിയതിന്‍റെ സമീപത്ത് നിന്നാണ് ഇപ്പൊൾ മൃതദേഹം കിട്ടിയത്. മൃതദേഹം പിതാവിന്‍റെ തന്നെയാണോ എന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന ആവശ്യമാണെന്നും സാന്‍റൻ ലാമ പറഞ്ഞു.

കൊച്ചി വിമാനത്താവളത്തിൽ നിന്ന് കാണാതായ കൊൽക്കത്ത സ്വദേശി സൂരജ് ലാമ മരിച്ചെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം കളമശ്ശേരി എച്ച്എംടിക്ക് സമീപം സൂരജ് ലാമയുടെതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്. കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട ലാമയെ കുവൈത്ത് അധികൃതർ കൊച്ചിയിലേക്ക് നാടുകടത്തുകയായിരുന്നു. കൊച്ചി വിമാനത്താവളത്തിൽ നിന്ന് കാണാതായ ലാമക്കായി ഹൈക്കോടതി നിർദേശപ്രകാരമുള്ള അന്വേഷണം നടക്കുന്നതിനിടയാണ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്.

ഒക്ടോബര്‍ അഞ്ചിനാണ് ലാമയെ വിമാനത്താവളത്തില്‍ നിന്ന് കാണാതായത്. കുവൈത്തിൽ അടുത്തിടെയുണ്ടായ വിഷമദ്യ ദുരന്തത്തിനിരയായി ഓര്‍മ്മ നഷ്ടപ്പെട്ടയാളാണ് സൂരജ് ലാമ. കൊച്ചിയിൽ വിമാനം ഇറങ്ങിയ സൂരജ്, മെട്രോയുടെ ഫീഡർ ബസിൽ ആലുവ മെട്രോ സ്റ്റേഷനിൽ എത്തിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. പിന്നീട് 10നാണ് സൂരജിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. പത്തിന് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ കാര്യമായ അസുഖങ്ങളൊന്നും കണ്ടെത്താതിരുന്നതിനെ തുടർന്നു ഡിസ്ചാർജ് ചെയ്തു. അപ്പോഴൊന്നും ആശുപത്രി അധികാരികൾക്കോ പൊലീസിനോ സൂരജ് ആരാണെന്നോ എങ്ങനെയാണ് കൊച്ചിയിൽ എത്തിയതെന്നോ അറിയില്ലായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് കുവൈത്തിൽ നിന്ന് സൂരജിനെ കൊച്ചിയിലേക്ക് വിമാനം കയറ്റിവിട്ട കാര്യം ബെംഗളൂരുവിലെ സൂരജിന്റെ കുടുംബം അറിഞ്ഞത്.