Asianet News MalayalamAsianet News Malayalam

സുരേഷ് ഗോപി ഇടപെട്ടു; ഗള്‍ഫില്‍ മരിച്ച നാലു വയസ്സുകാരന്റെ മൃതദേഹം നാട്ടിലേക്ക്

ഇന്ത്യയിലേക്ക് പ്രത്യേക വിമാന സര്‍വ്വീസ് ആരംഭിച്ചതോടെ മൃതദേഹം നാട്ടിലെത്തിക്കാനായി ഈ മാസം 12 ന് ദുബായ്-കണ്ണൂര്‍ വിമാനത്തിലും പിന്നീട് മംഗളൂരു വിമാനത്തിലും അനുമതി തേടിയെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ കൊണ്ട് മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിച്ചില്ല.

Suresh Gopi helped to bring expatriate child s dead body to Kerala
Author
Sharjah - United Arab Emirates, First Published May 16, 2020, 1:15 PM IST

ദുബായ്: യുഎഇയില്‍ മരിച്ച നാലുവയസ്സുകാരന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ തുണയായി സുരേഷ് ഗോപി എംപിയുടെ ഇടപെടല്‍. ഷാര്‍ജയില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനത്തിലാണ് നാട്ടിലെത്തിക്കുന്നത്.

ഈ മാസം എട്ടിനാണ് പാലക്കാട് തിരുവഴിയോട് ചങ്ങോത്ത് ഹൗസില്‍ കൃഷ്ണദാസ്-ദിവ്യ ദമ്പതികളുടെ ഇളയമകന്‍  വൈഷ്ണവ് കൃഷ്ണദാസ്(4) ഷാര്‍ജയില്‍ മരിച്ചത്. രക്താര്‍ബുദം ബാധിച്ചായിരുന്നു മരണം. മൃതദേഹം നാട്ടില്‍ തന്നെ സംസ്‌കരിക്കണമെന്നായിരുന്നു കൃഷ്ണദാസിന്റെയും ദിവ്യയുടെയും ആഗ്രഹം. 

ഷാര്‍ജ ജല വൈദ്യുതി വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയറായ കൃഷ്ണദാസും കുടുംബവും കോയമ്പത്തൂരായിരുന്നു താമസിച്ചിരുന്നത്. കൃഷ്ണദാസ്, ഭാര്യ, മകള്‍, മകന്‍ വൈഷ്ണവ് എന്നിവരുടെ പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയതും കോയമ്പത്തൂരില്‍ നിന്നായിയിരുന്നു. ഇതാണ് മൃതദേഹം കേരളത്തിലെത്തിക്കാന്‍ തടസ്സമായത്. ഷാര്‍ജയില്‍ താമസം തുടരവെ രക്താര്‍ബുദം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വൈഷ്ണവിനെ അവിടെ അല്‍ ഐന്‍ അല്‍ തവാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയക്കായി ഇന്ത്യയിലേക്ക് വൈഷ്ണവിനെ എയര്‍ ആംബുലന്‍സില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞിന്റെ നില ഗുരുതരമായതിനാല്‍ ആശുപത്രി അധികൃതര്‍ അനുമതി നല്‍കിയില്ല. പിന്നീട് ആശുപത്രിയില്‍ വെച്ച് വൈഷ്ണവ് മരണമടയുകയായിരുന്നു.

ഇന്ത്യയിലേക്ക് പ്രത്യേക വിമാന സര്‍വ്വീസ് ആരംഭിച്ചതോടെ മൃതദേഹം നാട്ടിലെത്തിക്കാനായി ഈ മാസം 12 ന് ദുബായ്-കണ്ണൂര്‍ വിമാനത്തിലും പിന്നീട് മംഗളൂരു വിമാനത്തിലും അനുമതി തേടിയെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ കൊണ്ട് മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിച്ചില്ല. വന്ദേ ഭാരത് മിഷനിലൂടെയുള്ള സര്‍വ്വീസുകളുടെ നിയമപ്രകാരം അന്യസംസ്ഥാനക്കാരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. ഇതിനാല്‍ മൃതദേഹം തമിഴ്‌നാട്ടിലേക്ക് മാത്രമെ എത്തിക്കാന്‍ കഴിയൂ എന്ന് അധികൃതര്‍ അറിയിച്ചു.

ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപി എംപി വിഷയത്തില്‍ ഇടപെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവരുമായി അദ്ദേഹം ബന്ധപ്പെട്ടു. വേണ്ട സഹായങ്ങള്‍ നല്‍കാന്‍ മന്ത്രി മുരളീധരന്‍ തന്‍റെ ഡെപ്യൂട്ടി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന്‌ ബന്ധപ്പെട്ട വകുപ്പുകളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കുട്ടിയുടെ മൃതദേഹം ദുബായ്-കൊച്ചി വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുമതി ലഭിക്കുകയായിരുന്നു.  ഇന്ത്യന്‍ സമയം വൈകിട്ട് 4.15ന് കൊച്ചിയിലെത്തുന്ന മൃതദേഹം രാത്രി 11ഓടെ പാലക്കാട് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. 
 

Follow Us:
Download App:
  • android
  • ios