അഹമദി ഗവർണറേറ്റിലെ മംഗഫ് ഏരിയയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്
കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുമായി ഏഷ്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തു. അഹമദി ഗവർണറേറ്റിലെ മംഗഫ് ഏരിയയിൽ നിന്നുമാണ് നിരോധിത മയക്കുമരുന്നായ ക്രിസ്റ്റൽ മെത്തും ഹെറോയിനുമായി ഇയാളെ പിടികൂടിയത്. തുടർന്ന് പ്രതിയെ എമർജൻസി പട്രോളിംഗ് വിഭാഗത്തിന് സുരക്ഷാ അധികൃതർ കൈമാറി. മയക്കുമരുന്ന് കണ്ടുകെട്ടുകയും ഔദ്യോഗിക റിപ്പോർട്ട് ഫയൽ ചെയ്യുകയും ചെയ്തു.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പട്രോളിംഗ് യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ടെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു. അഹ്‌മദിയിൽ പതിവ് പട്രോളിംഗിനിടെയാണ് ഒരാൾ സംശയാസ്പദമായി പെരുമാറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തിരിച്ചറിയൽ രേഖ കാണിക്കുന്നതിനിടെ അയാളുടെ കൈയ്യിൽ നിന്ന് ഒരു ചെറിയ പൊതി താഴെ വീണു. അതിൽ ഹെറോയിൻ ആണെന്ന് പിന്നീട് കണ്ടെത്തി. കൂടുതൽ പരിശോധനയിൽ ക്രിസ്റ്റൽ മെത്തും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും അടങ്ങിയ മറ്റൊരു പൊതിയും ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രതിയെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. നാടുകടത്താനുള്ള നടപടികൾ ഇപ്പോൾ നടന്നുവരികയാണ്.
read more: കുവൈത്ത് വിട്ട പ്രവാസിയ്ക്ക് ബാങ്ക് അക്കൗണ്ടിലെത്തിയത് 20 വർഷത്തോളം തുടർച്ചയായി ശമ്പളം
