കുവൈത്ത് സിറ്റി: വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ച് കുവൈത്തില്‍ അധ്യാപികയായി ജോലി ചെയ്തുവന്നിരുന്ന സ്ത്രീക്കെതിരെ നിയമനടപടി തുടങ്ങി. ഒരു അറബ് രാജ്യത്ത് നിന്ന് സമ്പാദിച്ചതെന്ന പേരില്‍ മൂന്ന് വ്യാജ ബിരുദങ്ങളാണ് ഇവര്‍ ഹാജരാക്കിയതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന ഇവര്‍ 2005ല്‍ സമ്പാദിച്ചതെന്ന പേരില്‍ ഹാജരാക്കിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബിരുദം, 2008ലെ സ്റ്റാറ്റിസ്റ്റിക്സ് ബിരുദാനന്തര ബിരുദം, 2013ലെ പി.എച്ച്.ഡി ബിരുദം എന്നിവയാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്. ജോലി ലഭിക്കാനും സ്ഥാനക്കയറ്റങ്ങള്‍ക്കും അലവന്‍സുകളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കായും ഈ ബിരുദങ്ങള്‍ ഉപയോഗിച്ചു. ഇവരുടെ ബിരുദങ്ങളുടെ അംഗീകാരം റദ്ദാക്കാനും സാമ്പത്തിക ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാനും ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. സബീഹ് അല്‍ മഖിസം സിവില്‍ സര്‍വീസ് കമ്മീഷന് അറിയിപ്പ് നല്‍കി. വ്യാജ അധ്യാപികയ്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കാണിച്ച് സിവില്‍ സര്‍വീസ് കമ്മീഷനും ഔദ്യോഗിക നിര്‍ദേശം നല്‍കിയിട്ടുണ്ട്.