Asianet News MalayalamAsianet News Malayalam

അച്ഛന് ഇഷ്ടമുള്ള കോഴ്‍സ് പഠിക്കാന്‍ നിര്‍ബന്ധിക്കുന്നു; അമ്മയ്‍ക്കൊപ്പം പൊലീസിനെ സമീപിച്ച് 17 വയസുകാരന്‍

സ്‍കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബാലനെ അച്ഛന്‍ പഠിച്ച അതേ കോളേജില്‍ അതേ കോഴ്‍സിന് തന്നെ ചേര്‍ക്കണമെന്നായിരുന്നു അദ്ദേഹത്തിന് താത്പര്യം. അച്ഛന്‍ ചെയ്യുന്ന ജോലിയിലും അദ്ദേഹത്തിന് സമൂഹത്തിലുള്ള നിലയിലും വിലയിലുമൊക്കെ അഭിമാനമുണ്ടെങ്കിലും ആ കോഴ്‍സ് പഠിക്കാനുള്ള മാര്‍ക്ക് തനിക്ക് ലഭിച്ചില്ലെന്ന് മകന്‍ പറയുന്നു. 

Teenager files case against father who tried to force him to study a course of his choice
Author
Dubai - United Arab Emirates, First Published Sep 19, 2021, 5:43 PM IST

ദുബൈ: അച്ഛന് താത്പര്യമുള്ള കോഴ്‍സ് പഠിക്കാന്‍ നിര്‍ബന്ധിക്കുന്നെന്നാരോപിച്ച് 17 വയസുകാരന്‍ പൊലീസിനെ സമീപിച്ചു. പരാതി ലഭിച്ച ഉടന്‍ ദുബൈ പൊലീസിന്റെ ചൈല്‍ഡ് ആന്റ് വിമണ്‍ പ്രൊട്ടക്ഷന്‍ ടീം, രാജ്യത്തെ കുട്ടികളുടെ അവകാശ സംരക്ഷണ നിയമപ്രകാരം നടപടിയുമെടുത്തു. കുട്ടിയ്‍ക്ക് തന്റെ അഭിപ്രായം സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുകയും അത് പരിഗണിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്‍തു.

സ്‍കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബാലനെ അച്ഛന്‍ പഠിച്ച അതേ കോളേജില്‍ അതേ കോഴ്‍സിന് തന്നെ ചേര്‍ക്കണമെന്നായിരുന്നു അദ്ദേഹത്തിന് താത്പര്യം. അച്ഛന്‍ ചെയ്യുന്ന ജോലിയിലും അദ്ദേഹത്തിന് സമൂഹത്തിലുള്ള നിലയിലും വിലയിലുമൊക്കെ അഭിമാനമുണ്ടെങ്കിലും ആ കോഴ്‍സ് പഠിക്കാനുള്ള മാര്‍ക്ക് തനിക്ക് ലഭിച്ചില്ലെന്ന് മകന്‍ പറയുന്നു. അതുകൊണ്ടുതന്നെ ഒരിക്കല്‍ കൂടി സ്‍കൂള്‍ പരീക്ഷയെഴുതി ഉന്നത ഗ്രേഡ് വാങ്ങണമെന്നായിരുന്നു അച്ഛന്റെ താത്പര്യം. ഇതിനെതിരെയാണ് അമ്മയോടൊപ്പം 17 വയസുകാരന്‍ തങ്ങളെ സമീപിച്ചതെന്ന് ശിശു സംരക്ഷണ വിഭാഗം മേധാവി മാഇത മുഹമ്മദ് അല്‍ ബലൂശി പറഞ്ഞു.

അധികൃതര്‍ അച്ഛനുമായി ബന്ധപ്പെടുകയും കുട്ടിയുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‍തു. ഒപ്പം ജീവിതത്തില്‍ സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അച്ഛന്റെ താത്പര്യങ്ങളും അഭിപ്രായങ്ങളും പരിഗണിക്കണമെന്ന് കുട്ടിയെയും ഉപദേശിച്ചു. രണ്ട് പേരും സംസാരിച്ച് ഒടുവില്‍ മകന്റെ ഇഷ്ടത്തിന് തന്നെ കാര്യങ്ങള്‍ വിട്ടുകൊടുക്കാന്‍ അച്ഛന്‍ തയ്യാറാവുകയായിരുന്നു. 

കുട്ടികളുടെയും സ്‍ത്രീകളുടെയും വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാറുണ്ടെന്നും കുടുംബ ബന്ധങ്ങള്‍ക്കും കുട്ടികളുടെ താത്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാറുണ്ടെന്നും അധികൃതര്‍ അറിയിച്ചു. എല്ലാവരും ഒരുമിച്ചിരുന്ന് തുറന്ന മനസോടെ നടത്തുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പരിഹരിക്കപ്പെടുന്ന കേസുകളില്‍ മറ്റ് നിയമനടപടികളൊന്നും സ്വീകരിക്കാറില്ലെന്നും അധികൃതര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios