ഡാറ്റ എൻട്രി ഓപ്പറേറ്റർ, ക്ലർക്ക് എന്നീ തസ്തികകളിൽ 3,600 റിയാലും ഡ്രൈവർ തസ്തികയിൽ 2,880 റിയാലും മെസഞ്ചർ തസ്തികയിൽ 1,980 റിയാലുമാണ് ശമ്പളം.

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിനോടനുബന്ധിച്ച് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വിവിധ താത്കാലിക ജോലികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റ എൻട്രി ഓപ്പറേറ്റർ, ക്ലർക്ക്, ഡ്രൈവർ, മെസഞ്ചർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 18 വയസ്സിന് മുകളിലുള്ള സൗദിയിൽ താമസരേഖ (ഇഖാമ) ഉള്ള ഇന്ത്യക്കാര്‍ക്കും സൗദി പൗരന്മാര്‍ക്കും അപേക്ഷിക്കാം. മക്കയിലും മദീനയിലുമുള്ളവർക്ക് മുൻഗണന ലഭിക്കും.

ഡാറ്റ എൻട്രി ഓപ്പറേറ്റർ, ക്ലർക്ക് എന്നീ തസ്തികകളിൽ 3,600 റിയാലും ഡ്രൈവർ തസ്തികയിൽ 2,880 റിയാലും മെസഞ്ചർ തസ്തികയിൽ 1,980 റിയാലുമാണ് ശമ്പളം. ക്ലർക്ക് തസ്തികയിൽ അപേക്ഷിക്കുന്നതിന് അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദവും ഏതെങ്കിലും ഒരു ഇന്ത്യൻ ഭാഷയോടൊപ്പം അറബി ഭാഷാ പരിജ്ഞാനവും ഉള്ളവർക്കാണ് മുൻഗണന. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻ ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഡാറ്റ എൻട്രി തസ്തികയിലേക്ക് അപേക്ഷിക്കാം.

Read Also -  ഒരു മുടി, തെളിഞ്ഞത് 30 വര്‍ഷം വട്ടം കറക്കിയ കേസ്; 140 തവണ ലൈംഗിക തൊഴിലാളിയെ കുത്തി കൊന്ന പ്രതിക്ക് ജീവപര്യന്തം

താല്പര്യമുള്ളവർ ഇന്ത്യൻ കോണ്‍സുലേറ്റിന്റെ https://cgijeddah.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്തെടുക്കണം. കാലാവധിയുള്ള ഇഖാമ, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികള്‍, സ്‌പോണ്‍സറില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ ലെറ്റര്‍, ഡ്രൈവര്‍ പോസ്റ്റിന് ഡ്രൈവിംങ്‌ ലൈസന്‍സ്, രണ്ട് ഫോട്ടോ എന്നിവ സഹിതം ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹജ്ജ് വിഭാഗത്തില്‍ അപേക്ഷ സമർപ്പിക്കണം. ഹജ്ജ് വിഭാഗം, കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, പി.ഒ ബോക്സ്: 952, ജിദ്ദ-21421 എന്ന അഡ്രസിൽ അപേക്ഷ പോസ്റ്റ് വഴിക്ക് അയക്കുകയുമാവാം. മാര്‍ച്ച് 14 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...