യുഎഇയിൽ റാസൽഖൈമയിലാണ് കാസിനോ വരുന്നത്
റാസൽഖൈമ: ഗൾഫ് രാജ്യങ്ങളിലെ ആദ്യ കാസിനോ തുറക്കാൻ അമേരിക്കൻ കമ്പനിയായ വിൻ റിസോർട്ട്സ്. അറബ് രാജ്യങ്ങളിൽ പ്രത്യേകിച്ച് ഈജ്പ്തിൽ നിലവിൽ കാസിനോകൾ ഉണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ഗൾഫ് രാജ്യത്ത് കാസിനോ വരുന്നത്. യുഎഇയിൽ റാസൽഖൈമയിലായിരിക്കും കാസിനോ വരുന്നത്. ഇത് 2027ഓടെ ഇത് പ്രവർത്തനമാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഗൾഫ് രാജ്യത്ത് കാസിനോ ആരംഭിക്കുന്നതിനുള്ള നിർമാണ പ്രക്രിയകൾ നടന്നുവരുന്നതായി വിൻ റിസോർട്ട്‌സ് ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ മൈക്കൽ വീവർ ആണ് സ്ഥിരീകരിച്ചത്. റിസോർട്ട്സിന് യുഎഇയിലെ ആദ്യ വാണിജ്യ ഗെയിമിങ് ഓപറേറ്റർ ലൈസൻസ് ലഭിച്ചത് കഴിഞ്ഞ വർഷമായിരുന്നു. റാസൽഖൈമയിലെ മനുഷ്യനിർമിത അൽ മർജൻ ദ്വീപിലാണ് കാസിനോ വരുന്നത്. മർജൻ എൽഎൽസി, റാക് ഹോസ്പിറ്റാലിറ്റി ഹോൾഡിങ് എൽഎൽസി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.
അത്യാഡംബര ശൈലിയിലുള്ള 1500ലധികം മുറികൾ, വിനോദത്തിനും ഗെയിമിങ്ങിനും പ്രത്യേകം ഏരിയകൾ, സ്യൂട്ടുകൾ, വില്ലകൾ തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുന്നു. ദ്വീപിന്റെ മനോഹര കാഴ്ചകൾ ഏത് കോണിൽ നിന്നും ദൃശ്യമാകുന്ന രീതിയിലാണ് നിർമാണം. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടിന്റെ കലയുടെയും വാസ്തുവിദ്യയുടെയും സ്വാധീനം കാസിനോ നിർമിതിയിൽ പ്രകടമാണ്. ഷോപ്പിങ്, സ്പാ, പൂളുകൾ, 420 മീറ്ററിൽ നിർമിച്ചിട്ടുള്ള ബീച്ച് തുടങ്ങി അമ്പരപ്പിക്കുന്ന കാഴ്ചകളും അത്യാഡംബര അനുഭവങ്ങളുമാണ് കാസിനോ സന്ദർശകർക്കായി ഒരുക്കുന്നത്.


