മെയ് 18നാണ് വിചാരണ ആരംഭിക്കുന്നത്
മനാമ: ബഹ്റൈനിൽ ഒരാളെ ദാരുണമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞ പ്രവാസിയുടെ കേസിൽ വിചാരണ ആരംഭിക്കുന്നു. മെയ് 18നാണ് വിചാരണ ആരംഭിക്കുന്നത്. പബ്ലിക് പ്രോസിക്യൂഷന്റെ റിപ്പോർട്ടുകൾ അനുസരിച്ച് പ്രതി ചുറ്റിക ഉപയോഗിച്ചാണ് 41 വയസ്സുള്ളയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
ബഹ്റൈനിലെ സിത്രക്കടുത്തുള്ള ടുബ്ലി എന്ന ഗ്രാമത്തിൽ വെച്ച് ഏപ്രിൽ 9നാണ് സംഭവം നടക്കുന്നത്. ചുറ്റിക ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം അവിടെയുള്ള ഒരു ഫാമിൽ വെച്ച് മൃതദേഹം കത്തിച്ചുകളയുകയും ചെയ്തു. തെളിവുകൾ നശിപ്പിച്ച് കളയാനാണ് പ്രതി ഇത്തരത്തിൽ ചെയ്തത്. തൊഴിലാളികളുടെ താമസയിടത്തുള്ള ഫാമിൽ തീപിടുത്തം ഉണ്ടായതായാണ് അധികൃതർക്ക് വിവരം ലഭിച്ചത്. ഉടൻ തന്നെ ഫോറൻസിക് അധികൃതരും പോലീസ് ഉദ്യോഗസ്ഥരും അടങ്ങിയ സംഘം സംഭവ സ്ഥലത്തേക്കെത്തി. അധികൃതർ നടത്തിയ അന്വേഷണത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയും കൂടുതൽ മെഡിക്കൽ പരിശോധനയ്ക്കായി മൃതദേഹം അയക്കുകയും ചെയ്തു. പരിശോധനയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റതാണ് മരണകാരണമായി കണ്ടെത്തിയത്.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതിയെ അധികൃതർ കണ്ടെത്തി. ചോദ്യം ചെയ്യലിൽ കുറ്റം ചെയ്തതായി പ്രതി സമ്മതിക്കുകയും ചെയ്തു. പ്രതി 26 വയസ്സ് പ്രായമുള്ള ഏഷ്യക്കാരനായ പ്രവാസിയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പ്രതിയെ സംഭവ സ്ഥലത്തേക്കെത്തിച്ചാണ് അധികൃതർ തെളിവെടുത്തിരുന്നത്.


