ഒരു ദിവസം ശരാശരി 70 ടണ്ണിലധികം മാലിന്യമാണ് ശേഖരിച്ച് നീക്കം ചെയ്യുന്നത്. തിരക്കേറിയ ദിവസങ്ങളാണെങ്കിൽ 100 ടൺ വരെ മാലിന്യങ്ങൾ നീക്കം ചെയ്യും.

മക്ക: മക്കയിലെ ​ഗ്രാൻഡ് മോസ്ക് ഓരോ 35 മിനിറ്റിലും കഴുകി വൃത്തിയാക്കുന്നതായി ​ഗ്രാൻഡ് മോസ്കിന്റെയും പ്രവാചക പള്ളിയുടെയും സംരക്ഷണത്തിനായുള്ള ജനറൽ അതോറിറ്റി അധികൃതർ അറിയിച്ചു. ഇതിനായി 3500ഓളം വരുന്ന ജീവനക്കാരെയും നിയോ​ഗിച്ചിട്ടുണ്ട്. ഇവർ പ്രത്യേകം പരിശീലനം ലഭിച്ചിട്ടുള്ളവരാണ്. യാതൊരു വിധത്തിലുമുള്ള തടസ്സങ്ങളില്ലാതെയും വൃത്തിയാർന്ന അന്തരീക്ഷത്തിലും തീർത്ഥാടകർക്ക് പ്രാർത്ഥന നിർവഹിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ശുചീകരണ പ്രവർത്തനങ്ങൾകൊണ്ട് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. 

35 മിനിറ്റിന്റെ ഇടവേളകളിലായി നിയോ​ഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർ മസ്ജിദ് വൃത്തിയാക്കും. ഇതിനായി ഇവർക്ക് 12 പ്രത്യേക വാഷിങ് മെഷീനുകളും 679 നൂതന വൃത്തിയാക്കൽ ഉപകരണങ്ങളും ഉണ്ട്. കൂടാതെ, കൃത്യമായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്യുന്നതിനായി ​ഗ്രാൻഡ് മോസ്കിന് അകത്തും പുറത്തുമായി 3000ലധികം കണ്ടെയ്നറുകളും സ്ഥാപിച്ചിട്ടുണ്ട്. ഒരു ദിവസം ശരാശരി 70 ടണ്ണിലധികം മാലിന്യമാണ് ശേഖരിച്ച് നീക്കം ചെയ്യുന്നത്. തിരക്കേറിയ ദിവസങ്ങളാണെങ്കിൽ 100 ടൺ വരെ മാലിന്യങ്ങൾ നീക്കം ചെയ്യും. പരിസ്ഥിതി സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് മാലിന്യ നിർമാർജ്ജനം നടത്തുന്നത്. 

read more:  ആഹ്ലാദതിമിർപ്പിൽ പ്രവാസികൾ, സൗദി അറേബ്യയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

തീർത്ഥാടകരുടെ ഒഴുക്കിന് യാതൊരുവിധ തടസ്സങ്ങളും കൂടാതെ 24 മണിക്കൂറും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടാതെ, പരിസ്ഥിതി സൗഹാർദമായ ഉൽപ്പന്നങ്ങളാണ് വൃത്തിയാക്കലിനായി ഉപയോ​ഗിക്കുന്നതെന്നും ആരോ​ഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കിക്കൊണ്ട് തീർത്ഥാടകർക്കും വിശ്വാസികൾക്കും ആത്മീയമായ ഒരു അന്തരീക്ഷം നൽകുന്നതാണ് ഈ പ്രവൃത്തികളിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അധികൃതർ അറിയിച്ചു.