2027 ആഗസ്റ്റ് രണ്ടിനായിരിക്കും പൂർണ അന്ധകാരത്തിലേക്ക് നയിക്കുന്ന ഗ്രഹണം സംഭവിക്കുന്നത്
ദുബൈ: നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ സൂര്യഗ്രഹണം 2027ൽ ദൃശ്യമാകുമെന്ന് നാസ. ഈ സൂര്യഗ്രഹണം അഞ്ച് അറബ് രാജ്യങ്ങളിൽ ദൃശ്യമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2027 ആഗസ്റ്റ് രണ്ടിനായിരിക്കും പൂർണ അന്ധകാരത്തിലേക്ക് നയിക്കുന്ന ഗ്രഹണം സംഭവിക്കുന്നത്. മൊറോക്കൊ, അൾജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത് എന്നിവിടങ്ങളിലും സൗദി അറേബ്യയുടെയും യമന്റെയും ചില ഭാഗങ്ങളിലും ഗ്രഹണം ദൃശ്യമാകും.
ഈ സൂര്യഗ്രഹണം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ സൂര്യഗ്രഹണമാകുമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. ആറ് മിനിറ്റും 26 സെക്കൻഡും വരെ പൂർണ്ണ അന്ധകാരം നീണ്ടുനിൽക്കും. 2009ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണമായിരിക്കും ഇത്. 2114 വരെ ഇത്തരത്തിലൊരു സൂര്യഗ്രഹണം വീണ്ടും സംഭവിക്കില്ലെന്നും ജ്യോതിശാസ്ത്രജ്ഞർ പറയുന്നു. സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സമ്പൂർണ സൂര്യഗ്രഹണം. പൂർണ സൂര്യഗ്രഹണ സമയത്ത് സൂര്യപ്രകാശം ഭൂമിയിൽ പതിക്കാതെ ഭൂമിയാകെ അന്ധകാരത്തിൽ മൂടപ്പെടുകയാണ് ചെയ്യുന്നത്.


