പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങുകയോ അല്ലെങ്കില്‍ രേഖകള്‍ ശരിയാക്കി യുഎഇയില്‍ തുടരാനോ സാധിക്കും. തൊഴില്‍ രഹിതരായവര്‍ രാജ്യത്ത് തന്നെ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റൊരു ജോലി കണ്ടെത്താന്‍ ആറ് മാസത്തെ വിസയും അനുവദിക്കും. ഇത്തരക്കാര്‍ക്ക് ജോലി കണ്ടെത്താനുള്ള സഹായമാണ് പ്രവാസി ഭാരതീയ സഹായത കേന്ദ്രം നല്‍കുന്നത്. 

ദുബായ്: യുഎഇയില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന തൊഴില്‍ രഹിതര്‍ക്ക് പുതിയ ജോലി കണ്ടെത്താന്‍ ഇന്ത്യന്‍ എംബസി സഹായിക്കും. എംബസിക്ക് കീഴിലുള്ള പ്രവാസി ഭാരതീയ സഹായത കേന്ദ്രമാണ് ഇതിനുള്ള സൗകര്യമൊരുക്കുന്നത്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കും ഹെല്‍പ് ലൈന്‍ നമ്പറും തുടങ്ങിയിട്ടുണ്ട്.

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങുകയോ അല്ലെങ്കില്‍ രേഖകള്‍ ശരിയാക്കി യുഎഇയില്‍ തുടരാനോ സാധിക്കും. തൊഴില്‍ രഹിതരായവര്‍ രാജ്യത്ത് തന്നെ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റൊരു ജോലി കണ്ടെത്താന്‍ ആറ് മാസത്തെ വിസയും അനുവദിക്കും. ഇത്തരക്കാര്‍ക്ക് ജോലി കണ്ടെത്താനുള്ള സഹായമാണ് പ്രവാസി ഭാരതീയ സഹായത കേന്ദ്രം നല്‍കുന്നത്. നേരത്തെയുണ്ടായിരുന്ന ഇന്ത്യന്‍ വര്‍ക്കേഴ്സ് റിസോഴ്സ് സെന്ററാണ് പേരുമാറ്റി പ്രവാസി ഭാരതീയ സഹായത കേന്ദ്രമായത്

യുഎഇയിലും ഷാര്‍ജയിലുമാണ് പ്രവാസി ഭാരതീയ സഹായത കേന്ദ്രങ്ങളുള്ളത്. ഇവിടെ 80046342 എന്ന നമ്പറിലോ അല്ലെങ്കില്‍ help@iwrcuae.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം. ഇ മെയില്‍ അയക്കുന്നവര്‍ സബ്ജക്ട് ലൈനില്‍ Amnesty Job-Seekers എന്ന് നല്‍കണം. പാസ്‍പോര്‍ട്ടിന്റെയും സി.വിയുടെയും കോപ്പിയും അയക്കണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ എംബസിക്ക് കൈമാറും. എംബസിയില്‍ നിന്ന് ഇവ തൊഴില്‍ ദായകര്‍ക്ക് കൈമാറും.

ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്തവര്‍ക്ക് നേരിട്ട് പ്രവാസി ഭാരതീയ സഹായത കേന്ദ്രങ്ങളില്‍ ബന്ധപ്പെടാം. പൊതുമാപ്പ് പ്രയോജനപ്പെടുത്തവര്‍ക്ക് ജോലി നല്‍കാനായി നിരവധി സ്ഥാപനങ്ങളെ ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടിരുന്നു. ഇവയില്‍ ചില സ്ഥാപനങ്ങള്‍ ആവശ്യം അംഗീകരിച്ചിട്ടുമുണ്ട്.