യാത്രക്കാരില്‍ ഭൂരിഭാഗം ആളുകളും ഉറക്കത്തിലായിരുന്നപ്പോഴാണ് വിമാനത്തിനുള്ളിൽ പുക നിറഞ്ഞത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ നാല് മണിക്കൂര്‍ കൂടി അവശേഷിക്കുമ്പോഴായിരുന്നു സംഭവം ഉണ്ടായത്.
ആംസ്റ്റര്‍ഡാം: വിമാനത്തിനുള്ളില്‍ പവര്‍ ബാങ്കിന് തീപിടിച്ചത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ആംസ്റ്റർഡാമിലേക്കുള്ള കെഎൽഎം എയർലൈൻസിന്‍റെ ബോയിംഗ് 777 വിമാനത്തിലാണ് പവര്‍ ബാങ്കിന് തീപിടിച്ചത്. ഓവർഹെഡ് ലോക്കറിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി.
വിമാനത്തിനുള്ളിൽ നിറയെ പുക നിറഞ്ഞപ്പോൾ പരിഭ്രാന്തരായ യാത്രക്കാർ മുഖം പൊത്തിയിരുന്നു. സംഭവം നടക്കുമ്പോള്‍ വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും ഉറങ്ങുകയായിരുന്നു. വിമാനം ലാൻഡ് ചെയ്യുന്നതിന് നാല് മണിക്കൂർ മുൻപായിരുന്നു ഈ സംഭവം ഉണ്ടായത്. തന്‍റെ ജീവിതത്തിലെ ഏറ്റവും സമ്മര്‍ദ്ദം നിറഞ്ഞ യാത്രയാണിതെന്ന് വിമാനത്തിലെ യാത്രക്കാരനായ സിമിയോൺ മാലഗോളി പറഞ്ഞു. പുക നിറഞ്ഞ കാബിന്‍റെ ദൃശ്യങ്ങൾ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു.
പവർ ബാങ്കിന് തീപിടിത്ത് വിമാനത്തില്‍ പുക ഉയര്‍ന്നെന്നും വിമാന ജീവനക്കാര്‍ ഉടന്‍ തന്നെ സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ച് തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി എയര്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കുകളില്ലാതെ വിമാനം സുരക്ഷിതമായി ആംസ്റ്റർഡാമിൽ ഇറങ്ങി. ഇത്തരം പോർട്ടബിൾ ചാർജറുകളിൽ ലിഥിയം-അയൺ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. അമിതമായി ചൂടാകാനുള്ള സാധ്യത ഉള്ളതിനാൽ ഇവ ചെക്ക്-ഇൻ ബാഗുകളിൽ കൊണ്ടുപോകാൻ അനുവാദമില്ല. ഫോണുകളിലും ലാപ്ടോപ്പുകളിലും ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികൾ വിമാനങ്ങളിൽ തീപിടിത്തമുണ്ടാക്കാൻ കാരണമാകുന്നതായി അടുത്തിടെ നടന്ന പഠനങ്ങളിൽ പറയുന്നു.
അപകടസാധ്യത വർധിച്ചതോടെ ചില വിമാനക്കമ്പനികൾ വിമാനത്തിനുള്ളിൽ പവർ ബാങ്കിന്റെ ഉപയോഗം നിയന്ത്രിക്കാൻ തുടങ്ങിയിട്ടുണ്ട്. എമിറേറ്റ്സ് അടുത്തിടെ വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് 2025 ഒക്ടോബർ 1 മുതൽ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
