2023 ഏപ്രിൽ ആറ് മുതൽ കൺസൾട്ടിങ് മേഖലയിലെ 35 ശതമാനം ജോലികൾ സ്വദേശിവത്കരിക്കും.

റിയാദ്: കൺസൾട്ടിങ് മേഖലയുടെയും അതിലെ തൊഴിലുകളുടെയും സ്വദേശിവത്കരണ നിയമപരിധിയിൽ വരുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ സൗദി മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. ഈ തീരുമാനം സംബന്ധിച്ച നടപടിക്രമങ്ങളുടെ മാർഗനിർദേശങ്ങൾ മന്ത്രാലയം പ്രസിദ്ധീകരിച്ചു. 2023 ഏപ്രിൽ ആറ് മുതൽ കൺസൾട്ടിങ് മേഖലയിലെ 35 ശതമാനം ജോലികൾ സ്വദേശിവത്കരിക്കും.

കൺസൾട്ടിങ് മേഖലയിലെ 61 ഓളം സ്ഥാപനങ്ങൾ ഈ നിയമത്തിന്‍റെ പരിധിയിൽ വരും. സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ചുവടെ: കമ്പ്യൂട്ടർ, ധനകാര്യം, നോൺ സെക്യൂരിറ്റി സാമ്പത്തികകാര്യം, സകാത്ത്, ആദായ നികുതി, ലേബർ, സീനിയർ മാനേജ്‌മെൻറ്, സ്പോർട്സ്, അക്കൗണ്ടിങ്, ബിസിനസ്, അഡ്മിനിസ്ട്രേറ്റീവ്, ആസൂത്രണം, മാനേജ്മെൻറ്, അഗ്നി പ്രതിരോധം, സേഫ്റ്റി എൻജിനീയറിങ്, എൻജിനീയറിങ്, ആർക്കിടെക്ചർ, നഗരാസൂത്രണ എൻജിനീയറിങ്, പരിസ്ഥിതി വാസ്തു വിദ്യയ്ക്കുള്ള എൻജിനീയറിങ്, റോഡുകൾ-പാലങ്ങൾ-തുരങ്കങ്ങൾ എന്നിവയ്ക്കുള്ള എൻജിനീയറിങ്, ഇലക്ട്രിക്കൽ പ്രോജക്റ്റുകൾക്കുള്ള എൻജിനീയറിങ്, ഉത്ഖനനം, രാസ വ്യാവസായികം, ഓയിൽ ആൻഡ് ഗ്യാസ് എൻജിനീയറിങ്, റെയിൽവേ എൻജിനീയറിങ്, തുറമുഖങ്ങൾക്കും സമുദ്രഗതാഗത സൗകര്യങ്ങളുടെ നിർമാണത്തിനുമുള്ള എൻജിനീയറിങ്, ജലം, മലിനജല സംവിധാനത്തിനായുള്ള എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ കൺസൾട്ടിങ് സേവനം ഒരുക്കുന്ന സ്ഥാപനങ്ങളാണ് സ്വദേശിവത്കരണ നിയമത്തിൽ ഉൾപ്പെടുന്നത്. 

Read More- സൗദിയിലെ വടക്ക്-കിഴക്ക് പാതകളെ ബന്ധിപ്പിക്കുന്ന ജുബൈൽ റെയിൽവേ പദ്ധതിക്ക് തുടക്കം

സ്വദേശികളായ സ്ത്രീ - പുരുഷന്മാർക്ക്​ മികച്ച തൊഴിലവസരങ്ങൾ ഒരുക്കുക, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തവും നിലവാരവും ഉയർത്തുക, സാമ്പത്തിക വ്യവസ്ഥിതിയിൽ അവരുടെ സംഭാവന വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണിത്. അതേസമയം സൗദി അറേബ്യയില്‍ വിനോദ കേന്ദ്രങ്ങളിൽ സ്വദേശിവത്കരണം കര്‍ശനമായി നടപ്പാക്കി തുടങ്ങിയിരുന്നു. സൗദി പൗരൻമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളിൽ മറ്റ് രാജ്യക്കാരെ നിയമിക്കുന്നതിനെതിരെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More-  ആൺതുണയില്ലാതെ എത്തുന്ന സ്ത്രീകൾക്കും ഹജ്ജ് നിർഹിക്കാന്‍ അനുമതി

സൗദി അറേബ്യയിൽ വിനോദ കേന്ദ്രങ്ങളിലെ എഴുപത് ശതമാനം ജോലികളാണ് സ്വദേശികൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നത്. മാളുകൾക്കുള്ളിലെ വിനോദ കേന്ദ്രങ്ങളിലെ 100 ശതമാനം ജോലികളും സ്വദേശികൾക്കായി മാറ്റിവച്ചിരിക്കുകയാണ്.