ദുബായ്: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ തയ്യാറാക്കാന്‍ പൂര്‍ണ്ണമായും റോബോട്ടുകള്‍ നിയന്ത്രിക്കുന്ന പുതിയ ഫാക്ടറി ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി ഉദ്ഘാടനം ചെയ്തു. ദേറയിലാണ് ലോകത്ത് തന്നെ ഇത്തരത്തിലെ ആദ്യത്തെ നമ്പര്‍ പ്ലേറ്റ് ഫാക്ടറി ആരംഭിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന പ്രിന്റിങ് രീതിയില്‍ ചില നമ്പറുകള്‍ ആവര്‍ത്തിച്ച് തെറ്റുകള്‍ വരാന്‍ സാധ്യതയുണ്ടായിരുന്നെങ്കില്‍  ഒരു തെറ്റും വരുത്തില്ലെന്നതാണ് പുതിയ ഫാക്ടറിയുടെ സവിശേഷത. 

നേരത്തെ പ്രതിദിനം 3000 നമ്പര്‍ പ്ലേറ്റുകളാണ് ഫാക്ടറിയില്‍ തയ്യാറാക്കിയിരുന്നത്. റോബോട്ടിക് ഫാക്ടറി പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ ഇത് പ്രതിദിനം 33,000 ആയി ഉയരും. ഒരു നമ്പര്‍ പ്ലേറ്റ് തയ്യാറാക്കാന്‍ 15 സെക്കന്റുകള്‍ മാത്രമാണ് ആവശ്യം. നേരത്ത് രണ്ട് മിനിറ്റായിരുന്നു വേണ്ടിയിരുന്നത്. ഒരു യൂണിറ്റില്‍  പ്രതിദിനം 11,000 പ്ലേറ്റുകള്‍ പ്രിന്റ് ചെയ്യും. ഇതിന് പുറമെ ആറ് വ്യത്യസ്ഥ തരത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഒരേ സമയം തയ്യാറാക്കാനുമാവും. 

ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റിയുടെ ഇലക്ട്രോണിക് സംവിധാനം വഴി ഓര്‍ഡ‍റുകള്‍ താനേ സ്വീകരിച്ച് പ്രിന്റിങ് തുടങ്ങും. മനുഷ്യ ഇടപെടല്‍ ആവശ്യമില്ല. ദേറയിലെ കസ്റ്റമര്‍ സര്‍വീസ് സെന്ററില്‍ ആര്‍ടിഎ ഡയറക്ടര്‍ മത്തര്‍ അല്‍ തായറാണ് ഫാക്ടറി ഉദ്ഘാടനം ചെയ്തത്. ഇത്തരം 10 മെഷീനുകള്‍ കൂടി മറ്റിടങ്ങളിലും ഉടന്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.