കഴിഞ്ഞ ദിവസമാണ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ രാജകുമാരന് 36 വയസ്സ് തികഞ്ഞത്

റിയാദ്: ലോകം ഇത്രകണ്ട് ആധുനികവത്കരിക്കപ്പെട്ടിട്ടും ഇന്നും രാജകുടുംബത്തെപ്പറ്റിയും അവരുടെ ജീവിതത്തെപ്പറ്റിയും അറിയാൻ ആൾക്കാർക്ക് കൗതുകമാണ്. അമേരിക്കൻ രാജകുടുംബങ്ങൾ ആയാലും ​ഗൾഫ് രാജകുടുംബങ്ങളായാലും കൗതുകത്തിന് മാറ്റമില്ല. രാജകുടുംബാം​ഗങ്ങളുടെ ജീവിതം അത്യാഡംബരമാണെങ്കിൽപ്പോലും കൊട്ടാരമതിൽക്കെട്ടിനപ്പുറത്തുള്ള ചില രാജകീയ കഥകൾ സങ്കൽപ്പിക്കാനാകാത്ത വിധത്തിലുള്ള ദു:ഖത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്. അതിലൊന്നാണ് സൗദി അറേബ്യയിലെ ഉറങ്ങുന്ന രാജകുമാരന്റെ ജീവിത കഥ. 

കഴിഞ്ഞ ദിവസമാണ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ രാജകുമാരന് 36 വയസ്സ് തികഞ്ഞത്. ഏകദേശം രണ്ട് പതിറ്റാണ്ടായി ഇദ്ദേഹം കോമയിലാണ്. 20 വർഷമായി ഇദ്ദേഹത്തിന്റെ ആരോ​ഗ്യനിലയിൽ യാതൊരു പുരോ​ഗതിയും ഉണ്ടായിട്ടില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. 2005ൽ ഉണ്ടായ ഒരു കാർ അപകടത്തെ തുടർന്നാണ് അൽ വലീദ് രാജകുമാരൻ ഈ അവസ്ഥയിലേക്കെത്തുന്നത്. അന്ന് സൈനിക കോളേജിലെ പഠനകാലമായിരുന്നു. അപകടത്തെ തുടർന്ന് കോമയിലാവുകയായിരുന്നു. ജീവിതത്തിലേക്ക് ഇനി ഒരിക്കലും തിരിച്ചുവരാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റാം എന്ന് തീരുമാനിച്ചെങ്കിലും അൽ വലീദ് രാജകുമാരന്റെ പിതാവ് തടയുകയായിരുന്നു. അതേ തുടർന്നാണ് ചലനമറ്റ് പുറം ലോകത്തെപ്പറ്റിയറിയാതെ അൽ വലീദ് കോമയിൽ തന്നെ തുടരുന്നത്. എന്നാൽ 2019ൽ അദ്ദേഹത്തിന്റെ വിരലുകൾ ചലിച്ചിരുന്നു. തലയും ചെറുതായി ചലിച്ചു. എന്നാൽ പിന്നീട് വീണ്ടും യാതൊരു പുരോ​ഗതിയും ആ​രോ​ഗ്യ നിലയിൽ രേഖപ്പെടുത്തിയിട്ടില്ല. 

ലോകത്തെ വലിയ കോടീശ്വരന്മാരിൽ ഒരാളായ ഖാലിദ് ബിൻ തലാൽ അൽ സഊദ് രാജകുമാരന്റെയും റീമ ബിൻത് തലാൽ രാജകുമാരിയുടെയും മകനാണ് അൽ വലീദ്. ലോകത്ത് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സയാണ് അൽ വലീദിനായി നൽകുന്നത്. റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലാണ് രാജകുമാരനെ പരിചരിക്കുന്നത്. ട്യൂബ് വഴിയാണ് ഭക്ഷണം നൽകി വരുന്നത്. വെന്റിലേറ്ററിൽ നിന്ന് മാറ്റിയാൽ മരണം സംഭവിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ദൈവം തന്റെ മകന് മരണം കൽപ്പിച്ചിരുന്നെങ്കിൽ അന്നത്തെ അപകടത്തിൽ തന്നെ അവന് ജീവൻ നഷ്ടപ്പെടുമായിരുന്നു എന്നാണ് അൽ വലീദ് രാജകുമാരന്റെ പിതാവ് വിശ്വസിക്കുന്നതത്രെ. അതുകൊണ്ടാണ് മകന്റെ ജീവൻ ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിർത്തുന്നത്. മകൻ ജീവിതത്തിലേക്ക് മടങ്ങവരുമെന്ന പ്രതീക്ഷ ഇനിയും കൈവിടാതെയാണ് അൽ വലീദ് രാജകുമാരന്റെ മാതാപിതാക്കൾ കഴിയുന്നത്.

read more: അമ്മയുടെ കൈയിൽ നിന്ന് കുതറിയോടി, ടാങ്കിൽ വീണ് ഇന്ത്യക്കാരിയായ നാലുവയസ്സുകാരിക്ക് സൗദിയിൽ ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം