കൊച്ചി: കനത്തമഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി വിമാനത്താവളത്തില്‍ കുടങ്ങിയ മൂന്ന് വിമാനങ്ങള്‍ മടങ്ങിപ്പോയി. കാലാവസ്ഥ മെച്ചപ്പെടുകയും വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്നുള്‍പ്പെടെ വെള്ളം ഇറങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനങ്ങള്‍ക്ക് മടങ്ങിപ്പോകാനായത്. ഇനി അഞ്ച് വിമാനങ്ങള്‍ കൂടി കൊച്ചിയിലുണ്ട്.

വിമാനത്താവളത്തിലെ വെള്ളക്കെട്ട് നീങ്ങിത്തുടങ്ങിയതോടെ രാജ്യാന്തര ബേയില്‍ കിടന്ന വിമാനങ്ങള്‍ ഇന്ന് രാവിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങിയിരുന്നു. വിമാനത്താവളത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. നേരത്തെ അറിയിച്ചതുപോലെ ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്കുതന്നെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് സിയാല്‍ അധികൃതരുടെ ശ്രമം.
 

വ്യാഴാഴ്ച രാത്രി മഴ ശക്തമായതിനെ തുടര്‍ന്ന് ആദ്യം രാത്രി 12 വരെ വിമാനത്താവളം അടച്ചിനായിരുന്നു തീരുമാനം. പിന്നീട് പരിശോധന നടത്തിയ ശേഷം വെള്ളിയാഴ്ച രാവിലെ ഒന്‍പത് വരെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും മഴ ശക്തമായതോടെ ഞായറാഴ്ച വൈകുന്നേരം മൂന്ന് മണി വരെ വിമാനത്താവളം അടച്ചിടാന്‍ സിയാല്‍ തീരുമാനിക്കുകയായിരുന്നു.

ഇത്തിഹാദിന്റെ അബുദാബി - കൊച്ചി വിമാനം, ഗോ എയറിന്റെ ദില്ലി - കൊച്ചി എന്നിവയ്ക്ക് പുറമെ ഇന്‍ഡിഗോയുടെ മൂന്ന് വിമാനങ്ങളും എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളും കൊച്ചിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇത്തിഹാദിന്റെയും എയര്‍ ഇന്ത്യയുടെയും വിമാനങ്ങളില്‍ വ്യാഴാഴ്ച രാത്രി പുറപ്പെടാനുള്ള യാത്രക്കാരെയും കയറ്റിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വിമാനത്താവളത്തില്‍ വെള്ളം കയറിയതാണ് പ്രശ്നമായത്. ഇതോടെ യാത്രക്കാരെ പിന്നീട് പുറത്തിറക്കി. റണ്‍വേയില്‍ ഇറങ്ങിയ മറ്റ് വിമാനങ്ങളെ ഏറെ പണിപ്പെട്ടാണ് വെള്ളത്തില്‍ മുങ്ങിയ ടാ‍ക്സി വേയിലേക്ക് കൊണ്ടുവന്നത്.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ കൊച്ചി വിമാനത്താവളം അടച്ചിട്ടിരുന്നെങ്കിലും അതിനുമുന്‍പ് എല്ലാ വിമാനങ്ങളും ഇവിടെ നിന്ന് പുറപ്പെട്ടിരുന്നു. ഇത്തവണ അപ്രതീക്ഷിതമായി വെള്ളം കയറിയതാണ് വിമാനങ്ങള്‍ കുടുങ്ങാന്‍ കാരണമായത്.