നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്നവരാണ് മൂന്നുപേരുമെന്ന് പൊതുസുരക്ഷ വകുപ്പ് പറഞ്ഞു.

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ വിവിധ സ്ഥലങ്ങളില്‍ ഭിക്ഷാടനം നടത്തിയ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു. സിഗ്നലുകളില്‍ നിലയുറപ്പിച്ച് മിനറല്‍ വാട്ടര്‍ കുപ്പികള്‍ വില്‍പ്പന നടത്തുകയും ഇതിന്‍റെ മറവില്‍ പരോക്ഷമായി ഭിക്ഷാടനം നടത്തുകയും ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

രണ്ട് പാകിസ്ഥാനികളും മറ്റൊരു സ്ഥലത്ത് പരോക്ഷമായി ഭിക്ഷാടനം നടത്തിയ ബംഗ്ലാദേശ് സ്വദേശിനിയുമാണ് അറസ്റ്റിലായത്. നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്നവരാണ് മൂന്നുപേരുമെന്ന് പൊതുസുരക്ഷ വകുപ്പ് പറഞ്ഞു. ഭിക്ഷാടനം സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പരിലും മറ്റ് പ്രവിശ്യകളില്‍ 999 എന്ന നമ്പരിലും ബന്ധപ്പെട്ട് അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Read More - സൗദി അറേബ്യയില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

അതേസമയം ഷാര്‍ജയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇതുവരെ 1,111 യാചകരെ പിടികൂടി. വിവിധ രാജ്യക്കാരാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. പിടികൂടിയ യാചകരില്‍ 875 പേര്‍ പുരുഷന്മാരും 236 പേര്‍ സ്ത്രീകളുമാണെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാര്‍ജ പൊലീസിന്‍റെ 80040, 901 എന്നീ നമ്പരുകള്‍ വഴി പൊതുജനങ്ങള്‍ നേരിട്ട് വിളിച്ച് അറിയിച്ചതിലൂടെയും കണ്‍ട്രോള്‍, പട്രോള്‍ സംഘങ്ങളുടെ ഫീല്‍ഡ‍് ക്യാമ്പയിനുകളിലൂടെയുമാണ് ഭിക്ഷാടകര്‍ പിടിയിലായത്.

Read More - യാചന നടത്തിയ പ്രവാസികളടക്കം നാലുപേർ സൗദിയിൽ പിടിയിൽ

ഭിക്ഷാടകര്‍ക്കെതിരായ ക്യാമ്പയിന്‍ തുടരുകയാണ്. 2020-2021 കാലഘട്ടത്തില്‍ ആകെ 1,409 യാചകരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ആകെ 500,000 ദിര്‍ഹം (ഒരു കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് പിടിച്ചെടുത്തത്. വിസിറ്റ് വിസയില്‍ രാജ്യത്തെത്തിയവരാണ് പിടിയിലായവരില്‍ ഭൂരിഭാഗവുമെന്ന് ഷാര്‍ജ പൊലീസ് വ്യക്തമാക്കി. അസുഖബാധിതരാണെന്നും ചികിത്സയ്ക്കായി പണം ആവശ്യമുണ്ടെന്നും പറ‌ഞ്ഞാണ് ഭൂരിഭാഗം പേരും ഭിക്ഷാടനം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ചിലര്‍ ഭക്ഷണം വാങ്ങാനുള്ള പണമാണ് ആവശ്യപ്പെടുക.