ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാമ്പയിനിലൂടെ മൂന്ന് യാചകരെയും 26 താമസവിസ ലംഘകരെയും അറസ്റ്റ് ചെയ്തു.

കുവൈത്ത് സിറ്റി: നിയമലംഘകരെയും യാചകരെയും പിടികൂടുന്നതിനായി കുവൈത്തില്‍ പരിശോധന ശക്തമാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാമ്പയിനിലൂടെ മൂന്ന് യാചകരെയും 26 താമസവിസ ലംഘകരെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലയവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

കുവൈത്തില്‍ പൊലീസുകാര്‍ക്ക് പെപ്പര്‍ സ്‍പ്രേ ഉപയോഗിക്കാന്‍ അനുമതി

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പെപ്പര്‍ സ്‍പ്രേ ഉപയോഗിക്കാന്‍ അനുമതി. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൗബിയാണ് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

ഇനി മുതല്‍ സ്വയരക്ഷക്കായോ അല്ലെങ്കില്‍ മറ്റൊരാള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കാനോ വേണ്ടി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുവൈത്തില്‍ പെപ്പര്‍ സ്‍പ്രേ പ്രയോഗിക്കാനാവും. രാജ്യത്തെ നിയമ വ്യവസ്ഥ ശക്തിപ്പെടുത്താനും ക്രമസമാധാന നില ഭദ്രമാക്കാനുമാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. രാജ്യത്തെ പൊലീസ് നിയമം ഉള്‍പ്പെടെയുള്ള വിവിധ നിയമങ്ങള്‍ക്ക് അനുസൃതമായാണ് തീരുമാനമെടുത്തതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേല്‍ക്കുന്ന നിരവധി സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

പണം വെച്ച് ചൂതാട്ടം; പത്ത് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട 10 പ്രവാസികള്‍ അറസ്റ്റിലായി. ജലീബ് അല്‍ ശുയൂഖ് ഏരിയയില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് പ്രവാസികള്‍ പിടിയിലായത്.

പിടിയിലായ പ്രവാസികള്‍ എല്ലാവരും ഏഷ്യക്കാരാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടത്. ചൂതാട്ടത്തിന് ഉപയോഗിച്ച പണവും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. ശേഷം തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.