അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഫഹാഹീലില്‍ പരിശോധന നടത്തുന്നതിനിടെ അപ്രതീക്ഷിതമായാണ് സംഘം പിടിയിലായത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റുകളില്‍ കയറി താമസക്കാരെ ഭീഷണിപ്പെടുത്തി മോഷണം നടത്തിയിരുന്ന മൂന്നംഗ സംഘം അറസ്റ്റിലായി. ഫഹാഹീല്‍ ഏരിയയിലായിരുന്നു സംഭവം. പിടിയിലായ മൂന്ന് പേരും ബംഗ്ലാദേശ് പൗരന്മാരുമാണ്. സ്വന്തം നാട്ടുകാരുടെ അപ്പാര്‍ട്ട്മെന്റുകളായിരുന്നു ഇവര്‍ മോഷണത്തിനായി ലക്ഷ്യം വെച്ചിരുന്നതെന്ന് കുവൈത്തി ദിനപ്പത്രമായ അല്‍ റായ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഫഹാഹീലില്‍ പരിശോധന നടത്തുന്നതിനിടെ അപ്രതീക്ഷിതമായാണ് സംഘം പിടിയിലായത്. ഒരാള്‍ സഹായത്തിനായി നിലവിളിക്കുന്നത് കേട്ട് പൊലീസ് സംഘം അവിടേക്ക് പാഞ്ഞെത്തുകയായിരുന്നു. കത്തികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി മൂന്നംഗ സംഘം അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറി താമസക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പട്രോളിങ് സംഘം ഉടന്‍ തന്നെ കൂടുതല്‍ പൊലീസ് സംഘത്തെ ഇവിടേക്ക് വിളിച്ചുവരുത്തി അപ്പാര്‍ട്ട്മെന്റില്‍ റെയ്ഡ് നടത്തുകയും മൂന്ന് മോഷ്ടാക്കളെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. തുടര്‍ അന്വേഷണത്തിനും അനന്തര നിയമനടപടികള്‍ക്കുമായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Read also: സ്വദേശിവത്കരണം വ്യാപകമാക്കുന്നു; കൂടുതല്‍ പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാന്‍ തീരുമാനം