കുവൈത്ത് സിറ്റി: കുവൈത്തിലെ ഫോര്‍ത്ത് റിങ് റോഡിലുണ്ടായ അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജഹ്റയിലേക്കുള്ള ദിശയില്‍ റോഡ് ഷോള്‍ഡറില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറുമായി മറ്റൊരു കാര്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെയായിരുന്നു സംഭവം. ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജഹ്റ ഫയര്‍ സ്റ്റേഷനില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരുടെ സംഘത്തെ സ്ഥലത്തേക്ക് അയക്കുകയായിരുന്നുവെന്ന് അഗ്നിശമന സേനയുടെ പബ്ലിക് റിലേഷന്‍സ് വിഭാഗം അറിയിച്ചു.  സംഭവസ്ഥലത്തുവെച്ച് തന്നെ മൂന്ന് പേര്‍ മരണപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൂന്ന് പേരുടെ ആരോഗ്യനിലയും ഗുരുതരമാണ്. അപകടത്തില്‍പെട്ട ഒരു കാറുകളിലൊന്നില്‍ സ്വദേശി കുടുംബമാണുണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.