യുവാക്കളുടെ കൈകള്‍ കെട്ടിയ നിലയിലാണ്. ശരീരത്ത് മുറിവുകളും ചതവുകളുമുണ്ട്. രക്തം ഇറ്റുവീഴുന്നുണ്ട്. 

തെഹ്റാൻ: ഇറാനിലേക്ക് യാത്ര ചെയ്ത മൂന്ന് ഇന്ത്യക്കാരെ കാണാതായതായി സ്ഥിരീകരിച്ച് തെഹ്റാനിലെ ഇന്ത്യന്‍ എംബസി. ഇവരെ ഉടനടി കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് എംബസി അറിയിച്ചു. പഞ്ചാബിലെ സംഗ്രൂർ, നവാൻഷഹർ, ഹോഷിയാർപൂർ ജില്ലകളിൽ നിന്നുള്ള മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയതാണെന്ന് ഇവരുടെ കുടുംബം ആരോപിക്കുന്നു. 

സംഗ്രൂറില്‍ നിന്നുള്ള ഹുഷന്‍പ്രീത് സിങ്, എസ്ബിഎസ് നഗറില്‍ നിന്നുള്ള ജസ്പാല്‍ സിങ്, ഹോഷിയാര്‍പൂരില്‍ നിന്നുള്ള അമൃത്പാല്‍ സിങ് എന്നിവരെയാണ് കാണാതായത്. തെഹ്റാനില്‍ ഇറങ്ങിയതിന് പിന്നാലെ മേയ് 1നാണ് ഇവരെ കാണാതായത്. ദില്ലിയില്‍ നിന്ന് ദുബൈ-ഇറാന്‍ വഴി ഓസ്ട്രേലിയയിലേക്ക് ജോലിക്ക് പോകാനിരുന്നതാണ് ഇവര്‍. പഞ്ചാബിലെ ഒരു ഏജന്‍റാണ് ഇവരെ ഓസ്ട്രേലിയയില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തത്. ഇറാനില്‍ ഇവര്‍ക്ക് താല്‍ക്കാലിക താമസവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇറാനില്‍ ഇറങ്ങിയതിന് പിന്നാലെ ഇവരെ കാണാതാകുകയായിരുന്നു

യുവാക്കളെ തട്ടിക്കൊണ്ടുപോയതാണെന്നും മോചനദ്രവ്യമായി ഒരു കോടി രൂപയാണ് തട്ടിക്കൊണ്ടുപോയ സംഘം യുവാക്കളുടെ കുടുംബത്തോട് ആവശ്യപ്പെട്ടതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. മൂന്നുപേരെയും മഞ്ഞ നിറത്തിലുള്ള കയര്‍ കൊണ്ട് കെട്ടിയിട്ട വീഡിയോയും ചിത്രങ്ങളും ഇവര്‍ അയച്ചു തന്നതായും കുടുംബം കൂട്ടിച്ചേര്‍ത്തു. യുവാക്കളുടെ കയ്യില്‍ നിന്ന് രക്തം ഇറ്റുവീഴുന്നത് കാണാമെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ ദേഹത്ത് മുറിവുകളും ചതവുകളുമുണ്ട്. പണം നല്‍കിയില്ലെങ്കില്‍ യുവാക്കളെ കൊലപ്പെടുത്തുമെന്നും തട്ടിക്കൊണ്ടുപോകല്‍ സംഘം ഭീഷണിപ്പെടുത്തിയതായും ഇവരുടെ കുടുംബം പറയുന്നു. യുവാക്കള്‍ അവരുടെ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ മേയ് 11 മുതല്‍ യുവാക്കള്‍ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഇവര്‍ പറയുന്നു.

ഇവരെ ഹോഷിയാര്‍പൂരില്‍ നിന്ന് വിദേശത്തേക്ക് അയയ്ക്കാമെന്ന് വാഗ്ദാനം ചെയ്ത ഏജന്‍റിനെയും കാണാനില്ല. സംഭവത്തില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്ത് അന്വേഷണം തുടങ്ങി. മൂന്ന് യുവാക്കളെ കാണാതായെന്ന വിവരം ഇവരുടെ കുടുംബാംഗങ്ങള്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും ഇറാന്‍ അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. കാണാതായ ഇന്ത്യക്കാരെ അടിയന്തരമായി കണ്ടെത്തുമെന്നും ഇവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ഇന്ത്യൻ എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം