റിയാദ്: സൗദിയിൽ ഇന്ന് മൂന്ന് പേരുകൂടി കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 44 ആയി. ഇന്ന് 355 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3287 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 666 പേർക്ക് രോഗമുക്തിയുണ്ടായി. ഇന്ന് മാത്രം 35 പേർക്ക് രോഗം ഭേദമായി. നിലവിൽ 2577 പേർ ചികിത്സയിലാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ ആളുകൾ മദീനയിലാണ്(89). റിയാദിൽ 83 പേർക്കും മക്കയിൽ 78 പേർക്കും ജിദ്ദയിൽ 45 പേർക്കും തബൂക്കിൽ 26 പേർക്കും ഖത്തീഫിൽ 10 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

അതേസമയം മക്കയിൽ സൂപ്പർമാർക്കറ്റിലെ മൂന്നു ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥാപനം അടച്ചു. ഒപ്പം സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാർക്കും ഐസൊലേഷൻ ബാധകമാക്കി. 

മദീനയിൽ സൂപ്പർമാർക്കറ്റിൽ ഭക്ഷ്യവസ്തുക്കളിൽ തുപ്പിയ വിദേശ തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ഭക്ഷ്യ വസ്തുക്കൾ സ്റ്റാൻഡിൽ വെയ്ക്കുന്നതിനിടെ തൊഴിലാളി തുപ്പുന്നതിന്റെയും ഇത് യാദൃശ്ചികമായി ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥൻ തൊഴിലാളിയെ പിടികൂടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

കൊവിഡ് വ്യാപനം തടയാനായി രാജ്യത്തുടനീളം ശക്തമായ മുൻകരുതൽ നടപടികളാണ് എടുത്തിട്ടുള്ളത്. ഒപ്പം ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൊവിഡിനെ ചെറുക്കാൻ എല്ലാ നിർദ്ദേശങ്ങളും അനുസരിക്കണമെന്നും വിവിധ മന്ത്രാലയങ്ങൾ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.