കുവൈത്തില്‍ മൂന്ന് വ്യത്യസ്ഥ സന്ദര്‍ഭങ്ങളിലായി മൂന്ന് പേര്‍ ആത്മഹത്യ ചെയ്‍തു. ഒരു പ്രവാസിയും രണ്ട് സ്വദേശികളുമാണ് ആത്മഹത്യ ചെയ്തത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait)ഒറ്റ ദിവസം വ്യത്യസ്‍ത സംഭവങ്ങളിലായി മൂന്ന് പേര്‍ അത്മഹത്യ (Suicide cases) ചെയ്‍തു. ഒരു പ്രവാസിയും രണ്ട് സ്വദേശികളുമാണ് ആത്മഹത്യ ചെയ്‍തതെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വദേശി യുവാവാണ് ആത്മഹത്യ ചെയ്‍തതില്‍ ഒരാള്‍. ബാത്ത്റൂമില്‍ വെച്ച് കഴുത്തില്‍ കുരുക്കുണ്ടാക്കി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു സംഭവത്തില്‍ 26 വയസുകാരനായ സ്വദേശി യുവാവ് ഉമരിയയിലെ വീടിന് സമീപത്തുവെച്ച് ആത്മഹത്യ ചെയ്‍തു. മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

സാല്‍മിയയില്‍ വെച്ച് ഒരു പ്രവാസി യുവാവും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‍തു. ഒരു കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് ഇയാള്‍ ജീവനൊടുക്കിയത്. ശബ്‍ദം കേട്ട് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്‍ ഓടിയെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ പ്രവാസിയെ കണ്ടെത്തിയത്. അടുത്തിടെയാണ് ഇയാള്‍ ഇവിടെ ജോലിയില്‍ പ്രവേശിച്ചതെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.