കാറിന്റെ ഡോറുകളും വാതിലുകളും പൂര്‍ണമായി അടച്ചിരുന്നു. എ.സി പ്രവര്‍ത്തിക്കുന്നുമുണ്ടായിരുന്നില്ല. ഏറെ നേരം കഴിഞ്ഞാണ് കുട്ടി കാറിനുള്ളിലാണെന്ന വിവരം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്.
റാസല്‍ഖൈമ: യുഎഇയില്‍ പെരുന്നാള്‍ ദിനത്തില്‍ ഏറെ നേരം കാറിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് വയസുകാരി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍. കുട്ടിയെ കാറിനുള്ളില്‍ ഇരുത്തിയ ശേഷം മാതാപിതാക്കള്‍ ബന്ധുക്കള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേരാന്‍ പുറത്തുപോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇയില്‍ താമസിക്കുന്ന അറബ് ദമ്പതികളുടെ കുട്ടിയാണ് ജീവന്‍ തന്നെ അപകടത്തിലാവുന്ന സാഹചര്യം അതിജീവിച്ചത്.
കാറിന്റെ ഡോറുകളും വാതിലുകളും പൂര്‍ണമായി അടച്ചിരുന്നു. എ.സി പ്രവര്‍ത്തിക്കുന്നുമുണ്ടായിരുന്നില്ല. ഏറെ നേരം കഴിഞ്ഞാണ് കുട്ടി കാറിനുള്ളിലാണെന്ന വിവരം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ സഖര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്‍കി. പ്രത്യേക മെഡിക്കല്‍ സംഘം കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഠിന പ്രയത്നം നടത്തിയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സമാനമായ സാഹചര്യങ്ങളില്‍ നിരവധി കുട്ടികള്‍ക്ക് ജീവന്‍ തന്നെ നഷ്ടമായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പുറത്തുപോവുന്നതിനെതിരെ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിരന്തരം ബോധവത്കരണം നടത്താറുണ്ട്. ഇത്തരത്തില്‍ കുട്ടികളെ വാഹനത്തില്‍ ഇരുത്തി പുറത്തുപോവുന്നത് നിയമപ്രകാരം കുറ്റകരവുമാണ്.
