നാളെ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.
ദോഹ: ഖത്തറിൽ കഠിനമായ ചൂടും ഹ്യൂമിഡിറ്റിയും തുടരുന്നതിനിടെ ശനിയാഴ്ച ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്ന് അറിയിച്ച് ഖത്തർ കാലാവസ്ഥാ വകുപ്പ്(ക്യുഎംഡി). പകൽ സമയത്തെ ചൂടുള്ള കാലാവസ്ഥയ്ക്കിടയിലും ആകാശത്ത് മഴ മേഘങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് കാരണമായേക്കാം.
ശനിയാഴ്ച പകൽ സമയത്ത് ചില സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും കുറഞ്ഞ ദൃശ്യപരതയും പ്രതീക്ഷിക്കുന്നു. ആഗസ്റ്റ് എട്ട് വെള്ളിയാഴ്ചയും ഓഗസ്റ്റ് ഒമ്പത് ശനിയാഴ്ചയും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച കടൽ രണ്ട് മുതൽ നാല് അടി വരെ ഉയർന്നേക്കാം. ചിലപ്പോൾ ഇത് ആറ് അടി വരെയുമാകാം. ശനിയാഴ്ച രണ്ട് മുതൽ അഞ്ച് അടി വരെയും ഉയർന്നേക്കും. ഈ വാരാന്ത്യത്തിൽ രാജ്യത്തെ താപനില 34°C നും 43°C നും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
