Asianet News MalayalamAsianet News Malayalam

സൗദിയിൽ ഗതാഗത പിഴ തവണകളായി അടയ്ക്കാനാവില്ല

ഒരു നിയമലംഘനത്തിനുള്ള പിഴ എത്ര ഉയര്‍ന്നതാണെങ്കിലും അത് ഒറ്റതവണയായി തന്നെ അടക്കണം. തവണ വ്യവസ്ഥയില്‍ അടക്കുന്നതിനുള്ള സംവിധാനം നിലവിലില്ല. അതേസമയം ഒരാള്‍ക്ക് തന്നെ വിവിധ നിയമലംഘനങ്ങള്‍ക്കായി ഒന്നിലധികം പിഴ ചുമത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഓരോന്നും ഓരോ തവണയായി അടച്ചാൽ മതി.

traffic fine dues cant be paid in installments in saudi arabia
Author
Saudi Arabia, First Published Feb 4, 2020, 3:40 PM IST

റിയാദ്​: സൗദി അറേബ്യയില്‍ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ തവണകളായി അടക്കാനാകില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. 
ഒന്നിലധികം നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ ഒന്നിച്ച് അടക്കേണ്ടതില്ലെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി. പിഴ ചുമത്തപ്പെട്ട കേസുകളില്‍ ജവസാത്തിന്റെ ഓൺലൈൻ സേവനമായ ‘അബ്ഷിര്‍’ വഴി പുനഃപരിശോധനക്ക്​ അപേക്ഷിക്കാൻ ഡ്രൈവര്‍മാര്‍ക്ക് അവസരമുണ്ട്.

ഒരു നിയമലംഘനത്തിനുള്ള പിഴ എത്ര ഉയര്‍ന്നതാണെങ്കിലും അത് ഒറ്റതവണയായി തന്നെ അടക്കണം. തവണ വ്യവസ്ഥയില്‍ അടക്കുന്നതിനുള്ള സംവിധാനം നിലവിലില്ല. അതേസമയം ഒരാള്‍ക്ക് തന്നെ വിവിധ നിയമലംഘനങ്ങള്‍ക്കായി ഒന്നിലധികം പിഴ ചുമത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഓരോന്നും ഓരോ തവണയായി അടച്ചാൽ മതി. ട്രാഫിക്​ പിഴയുണ്ടെങ്കിൽ അത്​ അടച്ച്​ തീർത്തിട്ടേ ഡ്രൈവിങ്​ ലൈസൻസ്​, വെഹിക്കിൾ പെർമിറ്റ്​ (ഇസ്തിമാറ) എന്നിവ പുതുക്കുന്നതിനും പുതിയത് എടുക്കുന്നതിനും നഷ്​ടപ്പെട്ടതിന് പകരം മറ്റൊന്ന് നേടുന്നതിനും അപേക്ഷ നൽകാനാവൂ. ട്രാഫിക് പിഴ കുടിശികയുണ്ടെങ്കിൽ അപേക്ഷ നിരസിക്കപ്പെടും.

കൂടാതെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ റദ്ദാക്കുന്നതിനും വാഹനങ്ങളുടെ പദവി ശരിയാക്കുന്നതിനും ഇതേ രീതിയിൽ മുൻ പിഴകളെല്ലാം അടച്ച്​ ക്ലിയറൻസ്​ നേടിയിരിക്കണം. നിയമലംഘനങ്ങളുടെ പേരിൽ കസ്​റ്റഡിയിലെടുത്ത വാഹനം തിരിച്ച്​ കിട്ടുന്നതിനും നേരത്തെ ചുമത്തപ്പെട്ട പിഴകള്‍ മുഴുവന്‍ അടച്ചിരിക്കണം. നിയമലംഘനത്തിന് പിഴചുമത്തപ്പെട്ടതില്‍ പിശകുണ്ടെങ്കിൽ 30 ദിവസത്തിനകം അബ്ഷിര്‍ സേവനം വഴി പരാതി നൽകാം.
 

Follow Us:
Download App:
  • android
  • ios