ദുബായ്: ഗള്‍ഫില്‍ നിന്ന് ടിആര്‍ കാര്‍ഗോ വഴി നാട്ടിലേക്ക് സാധനമയക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നു. പൂര്‍ണമായ നികുതി ഇളവോടെ നിത്യോപയോഗ സാധനങ്ങള്‍ കൊണ്ടു പോകാം എന്നതാണ് ട്രാന്‍സ്ഫര്‍ ഓഫ് റസിഡന്‍സ് ഫെസിലിറ്റിയുടെ പ്രത്യേകത.

ട്രാന്‍സ്ഫര്‍ ഓഫ് റസിഡന്‍സി ഫെസിലിറ്റി നിയമപ്രകാരം വിദേശത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടേതും, രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന നിത്യോപയോഗ ഉപകരണങ്ങളും കാര്‍ഗോ വഴി നാട്ടിലേക്കയക്കാനാകും.

ഇതുപ്രകാരം വാഷിങ്ങ് മെഷീന്‍, റെഫ്രിജറേറ്റര്‍, എസി തുടങ്ങിയ ഉപകരണങ്ങള്‍ പൂര്‍ണമായ നികുതിയളവോടുകൂടി പ്രവാസികള്‍ക്ക് കൊണ്ടുപോകാം. ടിആര്‍ സംവിധാനം വഴി സാധനങ്ങള്‍ നാട്ടിലേക്കയക്കാന്‍ വിസ ക്യാന്‍സല്‍ ചെയ്യേണ്ടതില്ല എന്നതാണ് മറ്റൊരു നേട്ടം. ഒരു കിലോയ്ക്ക് ഒരു ദിര്‍ഹം വീതം പോര്‍ട്ട് ടു പോര്‍ട്ട് സര്‍വീസിനും, ഡോര്‍ ടു ഡോര്‍ സര്‍വീസിനു മൂന്ന് ദിര്‍ഹം വീതവുമാണ് പല കമ്പനികളും ഈടാക്കുന്നത്.

ടിആര്‍ സംവിധാനത്തെ പറ്റി പല കാര്‍ഗോ കമ്പനികളും നിശബ്ദത പാലിക്കുന്ന സാഹചര്യത്തില്‍ അര്‍ഹമായ ആനുകൂല്യം ഉപയോഗപ്പെടുത്താതെ വന്‍തുക ഈടാക്കിയാണ് നിലവില്‍ പ്രവാസികളിലേറെയും നാട്ടിലേക്ക് സാധനങ്ങള്‍ കയറ്റി അയക്കുന്നത്.