ഒമാനിൽ ടണലിനുള്ളിൽ നിയന്ത്രണം വിട്ട് ട്രക്ക് മറിഞ്ഞു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ട്രക്ക് റോഡിൽ ഉരഞ്ഞുതീപ്പൊരി ചിതറി മുന്നോട്ട് നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

മസ്‌കറ്റ്: ഒമാനിൽ വാഹനാപകടം. സുൽത്താൻ തുർക്കി ബിൻ സൈദ് റോഡിലെ വാദി അൽ അഖ് രണ്ടാമത്തെ ടണലിനുള്ളിൽ നിയന്ത്രണം വിട്ട ട്രക്ക് തലകീഴായി മറിഞ്ഞു. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ട്രക്ക് റോഡിൽ ഉരഞ്ഞുതീപ്പൊരി ചിതറി മുന്നോട്ട് നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

എന്നാൽ ട്രക്ക് മറിയുന്നതിന് തൊട്ടുമുന്നിലായി, ഒരു കുടുംബം സഞ്ചരിക്കുകയായിരുന്ന എസ് യു വി കാറും ഉണ്ടായിരുന്നു. തക്ക സമയത്ത് കാർ മുന്നോട്ട് എടുത്തതിനാൽ വൻ ദുരന്തം ഒഴിവാവുകയായിരുന്നു. നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ നിന്ന് മസ്‌കറ്റിലേക്ക് പോകുന്ന ദിശയിലുള്ള ടണലിലാണ് അപകടമുണ്ടായത്. ഇതേത്തുടർന്ന് വാഹനങ്ങൾ പഴയ റോഡിലേക്ക് റോയൽ ഒമാൻ പൊലീസ് തിരിച്ചുവിട്ടു.

ടണലിലെ വളവിൽ അമിത വേഗതയാണോ യന്ത്ര തകരാറാണോ അപകടത്തിന് കാരണമായതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റോയൽ ഒമാൻ പൊലീസും രക്ഷാസേനയും സ്ഥലത്തെത്തി ടണലിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിൽ ട്രക്ക് ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Scroll to load tweet…