റിയാദ്: സൗദിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ രണ്ട് യുവാക്കളുടെ വധശിക്ഷ നടപ്പാക്കി. റിയാദില്‍ വെച്ചാണ് പ്രതികള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സൗദി പൗരനായ ഫഹദ് അല്‍ ഖാത്തിരി, യെമന്‍ പൗരനായ മുഹമ്മദ് അല്‍ അഖീല്‍ എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയത്. കുട്ടികളെ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമായിരുന്നു പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് ക്രൂരമായി ബലാത്സംഗം ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് ക്രിമിനല്‍ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീല്‍ കോടതിയും ശിക്ഷ ശരിവെച്ചതോടെ വ്യാഴാഴ്ച രാവിലെ റിയാദില്‍ വെച്ച് വധശിക്ഷ നടപ്പാക്കിയെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.