റാസല്‍ഖൈമ: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലുണ്ടായ  അപകടത്തില്‍ ഏഷ്യക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. 31 പേര്‍ക്ക് പരിക്കേറ്റു. തൊഴിലാളികള്‍ സഞ്ചരിക്കുകയായിരുന്ന ബസ് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അശ്രദ്ധമായി മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്ന് റാസല്‍ഖൈമ പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഈദ് അല്‍ ഹുമൈദ് പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം സംബന്ധിച്ച വിവരം പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. ഉടന്‍ തന്നെ ട്രാഫിക് പട്രോള്‍, ആംബുലന്‍സ്, പാരമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ രണ്ട് പ്രവാസി തൊഴിലാളികള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വിവിധ പ്രായക്കാരായ 31 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആറുപേരുടെ പരിക്കുകള്‍ സാരമുള്ളതാണ്. 23 പേര്‍ക്ക് ചെറിയ മുറിവുകള്‍ മാത്രമാണുള്ളതെന്നും അധികൃതര്‍ അറിയിച്ചു.