റിയാദ്: വാട്ടര്‍ ടാങ്കര്‍ വാഹനങ്ങളുടെ മുകളിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ജിദ്ദ നഗരത്തിന്റെ വടക്കുഭാഗത്തെ കിങ് അബ്ദുല്‍ അസീസ് റോഡില്‍ വാട്ടര്‍ ടാങ്കര്‍ മൂന്ന് വാഹനങ്ങളുടെ മുകളിലേക്കാണ് മറിഞ്ഞത്. രണ്ടു പേര്‍ സംഭവസ്ഥലത്ത് മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കിങ് അബ്ദുല്‍ അസീസ് റോഡില്‍ ഗ്ലോബ് റൗണ്ട് എബൗട്ടിലാണ് അപകടം.

അപകടത്തില്‍ തകര്‍ന്ന വാഹനങ്ങളില്‍ കുടുങ്ങിയവരെ സിവില്‍ ഡിഫന്‍സ് എത്തിയാണ് പുറത്തെടുത്തത്. ഒരു വാഹനം പൂര്‍ണമായും രണ്ട് വാഹനങ്ങള്‍ ഭാഗികമായും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിന് ക്രെയിനും ഉപയോഗപ്പെടുത്തി.

പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. നിസാര പരിക്കേറ്റ രണ്ടു പേര്‍ക്ക് സംഭവസ്ഥലത്ത് റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ വിവിധ ആശുപത്രികളില്‍ എത്തിച്ചതായി ജിദ്ദ റെഡ് ക്രസന്റ് വക്താവ് അബ്ദുല്ല അബൂസൈദ് പറഞ്ഞു.