ഈജിപ്ഷ്യന്‍ ഷെഫും ജീവനക്കാരുമായി റെസ്‌റ്റോറന്റിലെ ജോലി സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഇഫ്താറിന് തൊട്ടു മുമ്പ് ഇവര്‍ തമ്മിലുള്ള വഴക്ക് രൂക്ഷമാകുകയും ഇത് കയ്യാങ്കളിയിലേക്ക് നീളുകയും ചെയ്തു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ റെസ്‌റ്റോറന്റിലുണ്ടായ കലഹത്തില്‍ രണ്ട് ജീവനക്കാര്‍ കൊല്ലപ്പെട്ടു. രണ്ട് സിറിയക്കാരെയാണ് റെസ്റ്റോറന്റിലെ ഈജിപ്ത് സ്വദേശിയായ ഷവര്‍മ്മ ഷെഫ് ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
മറ്റൊരു സിറിയക്കാരന് ആക്രമണത്തില്‍ പരിക്കേറ്റു. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഈജിപ്ഷ്യന്‍ ഷെഫും ജീവനക്കാരുമായി റെസ്‌റ്റോറന്റിലെ ജോലി സംബന്ധിച്ച് തര്‍ക്കമുണ്ടായി. കഴിഞ്ഞ ദിവസം ഇഫ്താറിന് തൊട്ടു മുമ്പ് ഇവര്‍ തമ്മിലുള്ള വഴക്ക് രൂക്ഷമാകുകയും ഇത് കയ്യാങ്കളിയിലേക്ക് നീളുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഷെഫ്, ഷവര്‍മ്മ അരിയുന്ന കത്തി കൊണ്ട് ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു.
കൃത്യത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതി പിന്നീട് പൊലീസില്‍ കീഴടങ്ങി. പ്രതിക്കെതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
