ദുബായ്: ഏഷ്യക്കാരായ രണ്ട് പ്രവാസി വനിതകള്‍ യുഎഇയില്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. ബര്‍ദുബായിലെ ഒരു വില്ലയിലാണ് സംഭവം. ഇവിടുത്തെ വീട്ടുജോലിക്കാരികളാണ് മരിച്ചത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുറിയ്ക്കുള്ളില്‍ തണുപ്പ് നിയന്ത്രിക്കുന്നതിനായി ചാര്‍ക്കോള്‍ കത്തിച്ച് തീയുണ്ടാക്കിയിരുന്നു. ഇതില്‍ നിന്നുണ്ടായ കാര്‍ബണ്‍ മോണോക്സൈഡ് മുറിയ്ക്കുള്ളില്‍ തങ്ങിനിന്നതാണ് അപകടകാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. പുറമെ നിന്നുള്ള ശബ്ദം പോലും അകത്തേക്ക് കടക്കാതിരിക്കാനുള്ള സൗണ്ട് ഇന്‍സുലേറ്റുകള്‍ ഘടിപ്പിച്ചിരുന്ന മുറിയില്‍ ജനലുകളും വാതിലുകളും പൂര്‍ണമായി അടച്ചിട്ടിരുന്നതിനാല്‍  വായുസഞ്ചാരമുണ്ടായിരുന്നില്ല.

മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഇരുവരും അപകടകരമായ അളവില്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമായത്. രാവിലെ വീട്ടുജോലിക്കാര്‍ ഉറക്കമെഴുന്നേറ്റിട്ടില്ലെന്ന് മനസിലാക്കിയ വീട്ടുടമ ഇവരുടെ മുറി പരിശോധിച്ചപ്പോഴാണ് ഇരുവരെയും ബോധരഹിതരായ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചു. എന്നാല്‍ തങ്ങള്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി പാരാമെഡിക്കല്‍ ജീവനക്കാര്‍ അറിയിക്കുകയായിരുന്നു.

കാര്‍ബണ്‍ മോണോക്സൈഡ‍് ശ്വാസകോശത്തില്‍ നിറഞ്ഞാല്‍ വേദന പോലും അനുഭവപ്പെടാതെ മരണപ്പെടുമെന്നതിനാല്‍ അത്യന്തം അപകടകാരിയാണെന്ന് ദുബായ് പൊലീസ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ആറ് മരണങ്ങള്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണിത്. തണുപ്പകറ്റാന്‍ ചാര്‍ക്കോള്‍ ഉപയോഗിക്കുമെന്നതിനാല്‍ തണുപ്പുകാലത്ത് ഇത്തരം അപകടങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ദുബായ് പൊലീസ് അറിയിച്ചു. നേപ്പാളില്‍ സമാനമായ രീതിയില്‍ എട്ട് മലയാളികള്‍ മരിച്ചതിന്റെ പിറ്റേദിവസമാണ് സമാനമായ സംഭവം ദുബായില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.