പണം വാങ്ങിയ ശേഷം പിന്നീട് ആളുകള്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഫോണ്‍ എടുക്കാതെ മുങ്ങുകയായിരുന്നുവെന്ന് പൊലീസിന്റെ പ്രസ്‍താവന പറയുന്നു.

മനാമ: ബഹ്റൈനില്‍ സോഷ്യല്‍ മീഡിയ വഴി തട്ടിപ്പ് നടത്തിയതിന് രണ്ട് പ്രവാസികള്‍ അറസ്റ്റിലായി. ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലാണ് സംഭവം. 39 വയസുള്ള പുരുഷനും 41കാരിയായ സ്‍ത്രീമാണ് അറസ്റ്റിലായതെന്ന് പൊലീസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി നടത്തിയ തട്ടിപ്പിലൂടെ സ്വദേശികളില്‍ നിന്നും പ്രവാസികളില്‍ നിന്നുമായി 23,000 ദിനാര്‍ ഇവര്‍ അപഹരിച്ചുവെന്ന് പൊലീസ് കണ്ടെത്തി. തടികൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ നിര്‍മിച്ച് നല്‍കുന്നതിനുള്ള അഡ്വാന്‍സ് തുകയായാണ് ഇവര്‍ പണം കൈപ്പറ്റിയത്. കബളിപ്പിക്കപ്പെട്ടവര്‍ പരാതി നല്‍കിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പിടിയിലായി. 

പണം വാങ്ങിയ ശേഷം പിന്നീട് ആളുകള്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഫോണ്‍ എടുക്കാതെ മുങ്ങുകയായിരുന്നുവെന്ന് പൊലീസിന്റെ പ്രസ്‍താവന പറയുന്നു. രാജ്യത്ത് ബിസിനസ് നടത്താനുള്ള കൊമേഴ്‍സ്യല്‍ രജിസ്‍ട്രേഷന്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നിയമ നടപടികള്‍ സ്വീകരിക്കാനായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. പിടിയിലായവര്‍ ഏത് രാജ്യക്കാരാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Read also:  ട്രാഫിക് സിഗ്നല്‍ ചുവപ്പാകും മുമ്പ് അപ്പുറമെത്താന്‍ അമിതവേഗം; യുഎഇയിലെ അപകട ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്