പ്രതികളിലൊരാള്‍ സുഹൃത്തായിരുന്ന യുവതിയെ ചായ കുടിക്കാന്‍ ക്ഷണിച്ചു. ഇതനുസരിച്ച് യുവാവിനൊപ്പം പോയ അവരെ രണ്ടാമത്തെ പ്രതിയുടെ സഹായത്തോടെ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി ഒരു വില്ലയില്‍ എത്തിക്കുകയായിരുന്നു.

ദുബൈ: യുഎഇയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ട് പ്രവാസികള്‍ക്ക് 10 വര്‍ഷം തടവും 1,87,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. സുഹൃത്തായ യുവതിയെയാണ് ഇരുവരും തട്ടിക്കൊണ്ടുപോയതെന്ന് കേസ് രേഖകള്‍ പറയുന്നു. ശിക്ഷ അനുഭവിച്ച ശേഷം രണ്ട് പേരെയും യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

പ്രതികളിലൊരാള്‍ സുഹൃത്തായിരുന്ന യുവതിയെ ചായ കുടിക്കാന്‍ ക്ഷണിച്ചു. ഇതനുസരിച്ച് യുവാവിനൊപ്പം പോയ അവരെ രണ്ടാമത്തെ പ്രതിയുടെ സഹായത്തോടെ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി ഒരു വില്ലയില്‍ എത്തിക്കുകയായിരുന്നു. അവിടെ വെച്ച് യുവതിയെ ഉപദ്രവിക്കുകയും കൈവശമുണ്ടായിരുന്ന 7000 ദിര്‍ഹം ഇരുവരും തട്ടിയെടുക്കുകയും ചെയ്‍തു. ഇവരുടെ ഫോണിലുണ്ടായിരുന്ന ഒരു ഷോപ്പിങ് ആപ്പിന്റെ പാസ്‍വേഡ് കൈക്കലാക്കി. യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 1,80,000 ദിര്‍ഹം പ്രതികളുടെ നാട്ടിലുള്ള പലരുടെയും അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്‍ഫര്‍ ചെയ്യിപ്പിക്കുകയും ചെയ്‍തു. 

Read also:  കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഉപയോഗിച്ച് ലൈസന്‍സില്ലാതെ സൗന്ദര്യ വര്‍ദ്ധക ചികിത്സ; പ്രവാസി വനിത അറസ്റ്റില്‍

തന്റെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയതായും യുവതി പരാതില്‍ ആരോപിച്ചിരുന്നു. യുവതിയുടെ പാസ്‍പോര്‍ട്ടിന്റെ ചിത്രങ്ങളും ഇരുവരും തങ്ങളുടെ ഫോണുകളില്‍ പകര്‍ത്തി. ഈ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു പ്രതികളുടെ പ്രധാന ഭീഷണി. എന്നാല്‍ രണ്ട് ദിവസം പൂട്ടിയിട്ടിരുന്ന വില്ലയില്‍ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരും വലയിലായി. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ ദിവസം വിചാരണ പൂര്‍ത്തിയാക്കിയ കോടതി രണ്ട് പേര്‍ക്കും 10 വര്‍ഷം തടവും പിഴയും നാടുകടത്തലും ശിക്ഷ വിധിക്കുകയായിരുന്നു.

ഖത്തറില്‍ വാണിജ്യ സ്ഥാപനത്തിന്റെ രണ്ട് ശാഖകള്‍ പൂട്ടിച്ചു; ഡെലിവറി ആപ്ലിക്കേഷനും വിലക്ക്
ദോഹ: ഖത്തറില്‍ നിയമലംഘനം നടത്തിയ വാണിജ്യ സ്ഥാപനത്തിനെതിരെ നടപടി. റഫീഖ് മാര്‍ട്ട് ട്രേഡിങ് എന്ന സ്ഥാപനത്തിന്റെ രണ്ട് ശാഖകള്‍ ഒരു മാസത്തേക്ക് അടച്ചുപൂട്ടി. അല്‍ വക്റയിലെയും അല്‍ അസീസിയയിലെയും ബ്രാഞ്ചുകളാണ് പൂട്ടിച്ചത്. ഖത്തര്‍ വാണിജ്യ - വ്യവസമായ മന്ത്രാലയം ഉദ്യോഗസ്ഥരുടെ പരിശോധനയെ തുടര്‍ന്നായിരുന്നു നടപടി.

കമ്പനിയുടെ ഡെലിവറി ആപ്ലിക്കേഷനും ഒരു മാസത്തേക്ക് ഭാഗിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നടപടികള്‍ സ്വീകരിച്ച വിവരം ഖത്തര്‍ വാണിജ്യ - വ്യവസായ മന്ത്രാലയം ട്വിറ്ററിലൂടെ പൊതുജനങ്ങളെ അറിയിച്ചു. പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വില സംബന്ധിച്ചുള്ള രാജ്യത്തെ നിയമങ്ങള്‍ പാലിക്കാത്തതിനാണ് നടപടിയെടുത്തതെന്നും ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു. ഒപ്പം ഏതൊരു വില വര്‍ദ്ധനവിനും പാലിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായും കണ്ടെത്തി. 

രാജ്യത്ത് പഴവര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും വില നിയന്ത്രിക്കുന്നത് സംബന്ധിച്ച 2011ലെ നാലാം നമ്പര്‍ മന്ത്രിസഭാ തീരുമാനത്തിന്റെയും രാജ്യത്ത് പ്രാബല്യത്തിലുള്ള 2008ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിവെ 10 വകുപ്പിന്റെയും ലംഘനമാണ് സ്ഥാപനം നടത്തിയിട്ടുള്ളതെന്ന് അധികൃതര്‍ വിലയിരുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു മാസത്തേക്ക് അടച്ചുപൂട്ടാനുള്ള ഉത്തരവിട്ടത്.