വാഹനത്തിന്റെ മുന്‍ സീറ്റിലിരുന്ന രണ്ട് പേര്‍ തല്‍ക്ഷണം തന്നെ മരണപ്പെടുകയായിരുന്നു. പിന്‍ സീറ്റിലിരുന്ന രണ്ട് പേരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനിലയും ഗുരുതരമാണ്.

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം 6.5 റിങ് റോഡിലായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ഒരു ഫോര്‍ വീല്‍ ഡ്രൈവ് വാഹനം റോഡരികിലെ ലാംപ് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കല്‍, എമര്‍ജന്‍സി വിഭാഗം ഉദ്യോഗസ്ഥരും അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരണപ്പെട്ടവരും പരിക്കേറ്റവരും പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. വാഹനത്തിന്റെ മുന്‍ സീറ്റിലിരുന്ന രണ്ട് പേര്‍ തല്‍ക്ഷണം തന്നെ മരണപ്പെടുകയായിരുന്നു. പിന്‍ സീറ്റിലിരുന്ന രണ്ട് പേരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനിലയും ഗുരുതരമാണ്.

അപകടത്തിന്റെ കാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വാഹനത്തിന്റെ ടയറുകള്‍ പൊട്ടുന്നത് കാരണവും അമിത വേഗത കാരണവും വാഹനം പെട്ടെന്ന് തിരിക്കുന്നത് മൂലവുമൊക്കെ ഇത്തരം അപകടങ്ങള്‍ മുമ്പ് സംഭവിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അപകട കാരണം ഉള്‍പ്പെടെ കണ്ടെത്താനുള്ള അന്വേഷണം പുരുഗമിക്കുകയാണ്.