ദുബൈയില്‍ ബുക്ക് ഷോപ്പ് നടത്തുന്ന 63കാരനായ ഡാനിയലിന് 1002 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് സമ്മാനം ലഭിച്ചത്. സിറിയന്‍ പൗരനായ മുഹമ്മദ് കരാമനാണ് പത്ത് ലക്ഷം ഡോളര്‍ സമ്മാനം നേടിയ രണ്ടാമന്‍. 

ദുബൈ: ബുധനാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ട് പ്രവാസികള്‍ക്ക് 10 ലക്ഷം ഡോളര്‍ വീതം (7.9 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. കഴിഞ്ഞ 20 വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന റെഹ്‍ബത്ത് ഡാനിയലാണ് നറുക്കെടുപ്പില്‍ സമ്മാനം നേടിയ ഇന്ത്യക്കാരന്‍.

ദുബൈയില്‍ ബുക്ക് ഷോപ്പ് നടത്തുന്ന 63കാരനായ ഡാനിയലിന് 1002 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് സമ്മാനം ലഭിച്ചത്. സിറിയന്‍ പൗരനായ മുഹമ്മദ് കരാമനാണ് പത്ത് ലക്ഷം ഡോളര്‍ സമ്മാനം നേടിയ രണ്ടാമന്‍. മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിന്റെ 395-ാം സീരിസില്‍ 4789 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. കാലങ്ങളായി താന്‍ കാത്തിരിക്കുകയായിരുന്ന നിമിഷമായിരുന്നു ഇതെന്ന് പ്രതികരിച്ച ഡാനിയല്‍ ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിച്ചു. 40കാരനായ മുഹമ്മദ് സൗദി അറേബ്യയിലെ റിയാദിലാണ് താമസിക്കുന്നത്.

ബുധനാഴ്ച നടന്ന ഫൈനസ്റ്റ് സര്‍പ്രൈസ് ലക്ഷ്വറി കാര്‍ നറുക്കെടുപ്പിന്റെ 1810 സീരിസില്‍ യുഎഇ പൗരനായ റാഷിദ് അല്‍ ഷെമി മെര്‍സിഡസ് ബെന്‍സിന്റെ AMG GT 43 കാര്‍ സ്വന്തമാക്കി. ഫൈനസ്റ്റ് സര്‍പ്രൈസ് സീരിസ് 505 നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ സഞ്ജീവ് ശര്‍മയാണ് വിജയിയായത്. ദുബൈയില്‍ താമസിക്കുന്ന ഈ 41കാരന് ബി.എം.ഡബ്ല്യൂ എഫ് 850 ജി.എസ് മോട്ടോര്‍ ബൈക്ക് സമ്മാനമായി ലഭിച്ചു. ദുബൈയില്‍ പ്രവാസിയായ മറ്റൊരു ഇന്ത്യക്കാരന്‍ അര്‍ജുന്‍ സിങിനാണ് ഫൈനസ്റ്റ് സര്‍പ്രൈസ് സീരിസ് 506 നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. ഹാര്‍ലി ഡേവിഡ്സണ്‍ സ്‍പോര്‍സ്റ്റര്‍ എസ് ബൈക്കാണ് 0809 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ അദ്ദേഹത്തിന് സ്വന്തമായത്. 

Read also: പ്രസവത്തെ തുടർന്ന് മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കി

ഖത്തറില്‍ ഇനി രണ്ടാഴ്ച ചൂടേറിയ വരണ്ട കാറ്റ് വീശും
ദോഹ: ഖത്തറില്‍ ഇനി രണ്ടാഴ്ച ചൂടേറിയ വരണ്ട കാറ്റ് വീശുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിന്റെ മുന്നറിയിപ്പ്. പ്രാദേശികമായി 'സിമൂം' എന്നാണ് ഈ കാറ്റ് അറിയപ്പെടുന്നത്. സിമൂം സീസണിലെ കാറ്റ് അന്തരീക്ഷത്തില്‍ കനത്ത പൊടിപടലങ്ങള്‍ ഉയര്‍ത്തും. അതുകൊണ്ട് തന്നെ ദൂരക്കാഴ്ച കുറയും.

അറേബ്യന്‍ മേഖലയിലെ ഏറ്റവും പ്രശസ്തമായ മണ്‍സൂണ്‍ കാറ്റുകളില്‍ ഒന്നാണിത്. ഈ കാറ്റ് മനുഷ്യര്‍ക്കും ചെടികള്‍ക്കും ഹാനികരമാണ്. ജൂലൈ 29 വരെ രണ്ടാഴ്ച കാറ്റ് വീശുമെന്നാണ് ഖത്തര്‍ കലണ്ടര്‍ ഹൗസ് മുന്നറിയിപ്പ് നല്‍കുന്നത്.