മധ്യപൂര്‍വദേശത്ത് എത്തിയ ആദ്യ പാണ്ടകളെ സ്വീകരിക്കാന്‍ ഖത്തറിലെ ചൈനീസ് സ്ഥാനപതി സോഹു ജിയാന്‍, നഗരസഭ മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അല്‍ ഖൗരി എന്നിവര്‍ എത്തിയിരുന്നു.
ദോഹ: ദോഹ അല്‍ഖോര്‍ പാര്‍ക്കിലേയ്ക്ക് രണ്ട് ഭീമന്‍ ചൈനീസ് പാണ്ടകളെത്തി. ചൈനയിലെ സിങ്ചുവാൻ പ്രവിശ്യയില്‍ നിന്നാണ് പാണ്ടകളെ അല്‍ഖോര്‍ പാര്‍ക്കിലെത്തിച്ചത്. ഖത്തര്‍ ലോകകപ്പിനായി ചൈനീസ് ജനത നല്‍കിയ സമ്മാനമാണ് ഈ പാണ്ടകള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ കൂടെ ഭാഗമാണിത്.
മധ്യപൂര്‍വദേശത്ത് എത്തിയ ആദ്യ പാണ്ടകളെ സ്വീകരിക്കാന്‍ ഖത്തറിലെ ചൈനീസ് സ്ഥാനപതി സോഹു ജിയാന്‍, നഗരസഭ മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അല്‍ ഖൗരി എന്നിവര്‍ എത്തിയിരുന്നു. പാണ്ടകളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ താപനിലയും പരിസ്ഥിതിയും ഉറപ്പാക്കിയാണ് പാര്‍ക്കിനുള്ളില്‍ പാണ്ട ഹൗസ് നിര്‍മിച്ചിരിക്കുന്നത്. സുഹെയ്ല്‍, തുറായ എന്നിങ്ങനെ നക്ഷത്രങ്ങളുടെ പേരുകളാണ് അധികൃതര്‍ പാണ്ടകള്‍ക്ക് നല്‍കിയിരിക്കുന്നത്. 1,20,000 ചതുരശ്ര മീറ്റര്‍ വിസ്‍തീര്‍ണമുള്ള സ്ഥലമാണ് പാണ്ടകള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ദോഹയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള അല്‍ ഖോര്‍ പാര്‍ക്ക് ലോക കപ്പ് ഫുട്‍ബോള്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി കാണികള്‍ക്കു വേണ്ടി തുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചൈനയില്‍ നിന്നെത്തിച്ച പാണ്ടകളെ ഖത്തര്‍ മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാര്‍ക്ക് വകുപ്പ് വിഭാഗം ഏറ്റുവാങ്ങി. ഇവയെ പരിചരിക്കുന്നതിന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
Read also: വലിയ ബാഗുകളുമായി ബൈക്കില്‍ യാത്ര ചെയ്ത പ്രവാസിയെ നാടുകടത്തും
