റിയാദ്: സൗദി അറേബ്യയിൽ കാറപകടത്തിൽ രണ്ട് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു. വ്യാഴാഴ്ച ഉച്ചക്കുണ്ടായ സംഭവത്തിൽ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ രണ്ട് വിദ്യാർത്ഥികളാണ് മരിച്ചത്. മുംബൈ സ്വദേശി ശർമയുടെ മകൻ ക്രിഷ് ശർമ (15), ദില്ലി മുസാഫർ നഗർ സ്വദേശി അബ്ദുല്ലയുടെ മകൻ മോയിൻ അബ്ദുല്ല (15) എന്നിവരാണ് മരിച്ചത്. 

ഇരുവരും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ വ്യാഴാഴ്ച ഉച്ചക്കാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച സ്കൂളിൽ പോകാതിരുന്ന ക്രിഷ് അടുത്ത വീട്ടിലെ കാറെടുത്ത് സുഹൃത്ത് മോയിനൊപ്പം പുറത്തു പോയതായിരുന്നു.
 
ജുബൈൽ നേവൽ ബേസിന് സമീപം ഇവരുടെ കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വാഹനം പൂർണമായി തകർന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്കൂൾ അധികൃതർ ആശുപത്രിയിൽ എത്തി നിയമനടപടികൾ പൂർത്തിയാക്കി.