ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. മദ്യം വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയാണെന്നും ഇവര്‍ സമ്മതിച്ചു.  

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) വീട്ടില്‍ മദ്യം (liquor) നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ രണ്ട് പ്രവാസികളെ (expats) അറസ്റ്റ് ചെയ്തു. രണ്ട് ഇന്ത്യക്കാരാണ് അറസ്റ്റിലായത്. വഫ്ര ഏരിയയില്‍ നിന്നാണ് അഹ്മദി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 

വഫ്ര ഏരിയയിലെ പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു ഇടവഴിയില്‍ പാര്‍ക്ക് ചെയ്ത കാറിന് അരികെ എത്തി. പൊലീസ് എത്തുന്നത് കണ്ട് പ്രവാസികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു. വീട്ടില്‍ നിര്‍മ്മിച്ച വന്‍ മദ്യശേഖരം ഇവരുടെ കാറില്‍ നിന്ന് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. മദ്യം വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയാണെന്നും ഇവര്‍ സമ്മതിച്ചു. 400 കുപ്പി മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. തുടരന്വേഷണത്തിനായി അറസ്റ്റിലായവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. 

വ്യാജ രക്തപരിശോധനാ ഫലം; എട്ടു പ്രവാസികള്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി

കുവൈത്ത് സിറ്റി: പണം വാങ്ങി രക്തപരിശോധനാ ഫലത്തില്‍ (Blood test result) കൃത്രിമം കാണിച്ച കേസില്‍ എട്ടു പ്രവാസികള്‍ക്ക് (Expats) 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി. പ്രതികളില്‍ ഓരോരുത്തരും 10 വര്‍ഷം വീതം ശിക്ഷ അനുഭവിക്കണമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്ട്ട് ചെയ്തു.

കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു. മെഡിക്കല്‍ ഫിറ്റ്‌നസ് ഇല്ലാത്ത, പകര്‍ച്ചവ്യാധികള്‍ ബാധിച്ച പ്രവാസികളുടെ രക്തപരിശോധനാ ഫലത്തില്‍ പണം വാങ്ങി കൃത്രിമം നടത്തിയതിനാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. രാജ്യത്തെ റെസിഡന്റ് പെര്‍മിറ്റ് ലഭിക്കുന്നതിന് വേണ്ടിയാണ് പ്രവാസികളുടെ രക്തപരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ചത്. ഇന്ത്യക്കാരും ഈജിപ്ത് സ്വദേശികളുമാണ് കേസിലെ പ്രതികളെന്ന് 'അല്‍ റായ്' ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

സൗദിയിലുള്ള ഇന്ത്യന്‍ തടവുകാരെ കൈമാറല്‍, നടപടി തുടങ്ങി

റിയാദ്: സൗദി (Saudi Arabia) ജയിലുകളിലുള്ള ഇന്ത്യന്‍ തടവുകാരെ (Indian Prisoners) മാതൃരാജ്യത്തിന് കൈമാറുന്ന നടപടിക്ക് തുടക്കം. ശിഷ്ടകാല തടവു ശിക്ഷ ഇനി ഇന്ത്യയിലെ ജയിലില്‍ അനുഭവിച്ചുതീര്‍ക്കാം. 12 വര്‍ഷം മുമ്പ് ഒപ്പുവെച്ച തടവുപുള്ളികളെ കൈമാറാനുള്ള കരാര്‍ പ്രകാരമാണ് നടപടി. ഇതനുസരിച്ച് സൗദിയിലെ ജയിലുകളില്‍ തടവ് അനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ബാക്കിയുള്ള ശിക്ഷാകാലം ഇനി ഇന്ത്യയിലെ ജയിലില്‍ അനുഭവിച്ചാല്‍ മതിയാകും.

2010-ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സൗദി സന്ദര്‍ശനവേളയിലാണ് ഇരുരാജ്യങ്ങളും തടവുപുള്ളികളെ പരസ്പരം കൈമാറുന്ന കരാറില്‍ ഒപ്പുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്നു തന്നെ നടപടികള്‍ ആരംഭിച്ചെങ്കിലും നടപടിക്രമങ്ങളുടെ നൂലാമാലയില്‍ കുടുങ്ങി കരാര്‍പ്രാബല്യത്തിലാകുന്നത് നീണ്ടുപോവുകയായിരുന്നു. എന്നാലിപ്പോള്‍ അതിന് മൂര്‍ത്തമായ രൂപം കൈവരികയും ഇത്തരത്തില്‍ ജയില്‍ പുള്ളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ എംബസി ഇതുമായി ബന്ധപ്പെട്ട് സൗദിയിലെ വിവിധ ജയില്‍ മേധാവികള്‍ക്ക് കത്തയച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടോ, ക്രിമിനല്‍ കുറ്റങ്ങളൊ അല്ലാത്ത കേസുകളില്‍ പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുക. ഇത്തരത്തില്‍ നാട്ടിലെ ജയിലിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരുടെ കണക്കുകള്‍ ലഭ്യമാക്കാന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.