റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ രണ്ട് കായംകുളം സ്വദേശികൾ മരിച്ചു. ചാരുംമൂട് സ്വദേശി സൈനുദ്ദീൻ സുലൈമാൻ റാവുത്തർ (47), കായംകുളം ചിറക്കടവം പാലത്തിൻകീഴിൽ സ്വദേശി പി.എസ്. രാജീവ് (53) എന്നിവരാണ് ദമ്മാമിൽ മരിച്ചത്. 

കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഖോബാറിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് സൈനുദ്ദീൻ സുലൈമാൻ റാവുത്തരുടെ മരണം. അൽഖോബാറിൽ സ്വന്തമായി വ്യാപാര സ്ഥാപനം നടത്തുകയായിരുന്നു. മൃതദേഹം ഖോബാറിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: മാജിദ. മക്കൾ: സൽമാൻ, സഫാൻ. 

അബ്ഖൈഖിൽ ജോലി ചെയ്തിരുന്ന പി.എസ്. രാജീവിന് രണ്ടാഴ്ച മുമ്പാണ് കടുത്ത പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടത്. അബ്ഖൈഖിലെ ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഒരാഴ്ചയായി ദമ്മാം മെഡിക്കൽ കോംപ്ലക്സിൽ വെൻറിലേറ്ററിൽ ആയിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. 

രാജീവിന് അസുഖം മുർഛിച്ചിരിക്കുകയാണന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് യുത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നൗഫലും ആലപ്പുഴ ഡി.സി.സി പ്രസിഡൻറ് എം. ലിജുവും ബന്ധപ്പെടുകയും ഉടൻ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നെന്ന് ഒ.ഐ.സി.സി റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല പറഞ്ഞു. രോഗം ഏറെ കടുത്ത ഘട്ടത്തിലാണ് അബ്ഖൈഖിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ദമ്മാം മെഡിക്കൽ കോംപ്ലക്സിൽ എത്തിക്കുകയും, വെൻറിലേറ്ററിന്റെ സഹായേത്താടെ ജീവൻ നിലനിർത്തുകയുമായിരുന്നു. ഭാര്യ: ബിന്ദു രാജീവ്. മക്കൾ: അശ്വിൻ രാജ്, കാർത്തിക് രാജ്.