മസ്കറ്റ്: റൂവി ഹൈ സ്ട്രീറ്റിൽ രണ്ട് മലയാളികൾക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയതിനു ശേഷം വെള്ളിയാഴ്ച ഇവർ റൂവിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കൊവിഡ് 19  പരിശോധനക്ക് വിധേയരായിരുന്നു. ഞായറാഴ്ച  വൈകുന്നേരത്തോടെ പരിശോധനാ ഫലം ലഭിക്കുകയും രോഗം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ ഇരുവരെയും അറിയിക്കുകയുമായിരുന്നു. 

മത്രാ പ്രവിശ്യയിൽ ഏറ്റവും കൂടുതൽ വിദേശികൾ തിങ്ങിപ്പാര്‍ക്കുന്നതും ഏറ്റവും തിരക്കുള്ള സൂഖുകളിൽ ഒന്നുമാണ് റൂവി ഹൈ സ്ട്രീറ്റ് സൂഖ്. രോഗം സ്ഥിരീകരിച്ച വ്യക്തികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നതിന് മുമ്പ് മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്ന സംശയം സ്ഥലത്തെ മലയാളികളെ ഉള്‍പ്പെടെ ആശങ്കയിലാക്കിയിരിക്കുകയാണ്.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിനാല്‍ രോഗം സ്ഥിരീകരിച്ച വ്യക്തികളെ ക്വാറന്‍റൈന്‍ ചെയ്യേണ്ട ഉത്തരവാദിത്വം ആശുപത്രി അധികൃതര്‍ക്കാണ്. എന്നാല്‍ വലിയ ആരോഗ്യപ്രശ്നങ്ങളും സങ്കീര്‍ണതകളും ഇല്ലാത്തതിനാല്‍ ഇവരോട് താമസസ്ഥലത്ത് തന്നെ ക്വാറന്‍റൈനില്‍ തുടരുവാനാണ് ആശുപ്രതി ആധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് സ്ഥലത്തെ താമസക്കാരിലൊരാള്‍ പറഞ്ഞു. രോഗം സ്ഥിരീകരിക്കുന്നവര്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളില്‍ ഇല്ലെങ്കില്‍ താമസസ്ഥലത്ത് തന്നെ ക്വാറന്‍റൈനില്‍ കഴിയണമെന്നാണ് എംബസിയുടെയും നിര്‍ദ്ദേശം. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് ഇവര്‍ താമസസ്ഥലത്ത് തന്നെ തുടരണമെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും എംബസി അറിയിച്ചു. 

റൂവി പരിസരത്ത് മാത്രം 20ഓളം മലയാളികള്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ആളുകള്‍ തിങ്ങി നിറഞ്ഞ് താമസിക്കുന്ന സ്ഥലമായതിനാല്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ സ്ഥലപരിമിതികളുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ എത്രയും വേഗം കണ്ടെത്തണമെന്നാണ് ഇവിടുത്തെ മലയാളി സമൂഹത്തിന്‍റെ ആവശ്യം.