Asianet News MalayalamAsianet News Malayalam

കണ്ടെയ്‌നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 20 ലക്ഷം ലാറിക ഗുളികകളും 7,000 കുപ്പി മദ്യവും

കണ്ടെയ്നറില്‍ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്.

two million Lyrica pills and 7000 liquor bottles foiled in kuwait
Author
First Published Oct 3, 2022, 4:51 PM IST

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച ലാറിക ഗുളികകളും മദ്യവും പിടികൂടി. ഒരു കണ്ടെയ്‌നറിൽ നിന്നാണ് 20 ലക്ഷം ലാറിക്ക ഗുളികകളും  7474 കുപ്പി മദ്യവും പിടിച്ചെടുത്തത്. ഏഷ്യന്‍ രാജ്യത്ത് നിന്ന്  ഷുവൈഖ് തുറമുഖത്ത് എത്തിച്ച നിരോധിത വസ്തുക്കളും മദ്യവുമാണ് പിടിച്ചെടുത്തത്.

കണ്ടെയ്നറില്‍ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സുലൈമാൻ അൽ ഫഹദ്, നോർത്തേൺ പോർട്ട് ആൻഡ് ഫൈലാക്ക ദ്വീപ് കസ്റ്റംസ് വകുപ്പ് ഡയറക്ടർ സാലിഹ് അൽ ഹർബി എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധനകള്‍ നടന്നത്. പിടിച്ചെടുത്ത വസ്തുക്കള്‍ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.

Read More: 20 തസ്‍തികകളില്‍ ജോലിക്ക് വരുന്ന പ്രവാസികള്‍ക്ക് സ്‍കില്‍ പരീക്ഷ നിര്‍ബന്ധമാക്കുന്നു

കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്തിയ രണ്ടുപേരെ കഴിഞ്ഞ ദിവസം അധികൃതര്‍ പിടികൂടിയിരുന്നു. 25 കിലോഗ്രാം ഹാഷിഷുമായാണ് രണ്ടുപേരെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. വില്‍പ്പന ലക്ഷ്യമിട്ടാണ് ഇവര്‍ രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തിയത്. 

ആന്റി ഡ്രഗ്‌സ് ട്രാഫിക്കിങ് വിഭാഗം നേരത്തെ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അനുമതി തേടിയിരുന്നു. ഇതിന് ശേഷമാണ് പ്രതികളുടെ താമസസ്ഥലത്ത് പരിശോധന നടത്തിയത്. ലഹരിമരുന്നും പണവും ഉള്‍പ്പെടെ ഇവിടെ നിന്ന് പിടിച്ചെടുത്തു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Read More:  തൊഴില്‍ സ്ഥലത്തെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന; നിരവധി പ്രവാസികള്‍ അറസ്റ്റില്‍

സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് കടത്ത്; 300 കിലോ ഹാഷിഷ് പിടികൂടി

റിയാദ്: സൗദി അറേബ്യയിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി.  ജിസാന്‍ മേഖലയിലെ അതിര്‍ത്തി സുരക്ഷാ സേനയാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ജിസാന്‍ അതിര്‍ത്തി വഴി സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച  300 കിലോ ഹാഷിഷ് ആണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പ്രാഥമിക നടപടിക്രമങ്ങള്‍ സ്വീകരിച്ച ശേഷം പിടികൂടിയ ലഹരിമരുന്ന് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റിയാദില്‍ തണ്ണിമത്തനില്‍ ഒളിപ്പിച്ച് ഏഴു ലക്ഷത്തിലേറെ ലഹരി ഗുളികകള്‍ കടത്താനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. 765,000 ആംഫെറ്റാമൈന്‍ ഗുളികകളാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക് കണ്‍ട്രോള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ടു സ്വദേശികളും മൂന്ന് സിറിയന്‍ പൗരന്മാരുമുള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലായതായി ഡയറക്ടറേറ്റ് ഔദ്യോഗിക വക്താവ് മേജര്‍ മുഹമ്മദ് അല്‍ നജിദി പറഞ്ഞു.

Follow Us:
Download App:
  • android
  • ios