കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ രണ്ട് പേർ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു. ഇതോടെ കുവൈത്തിൽ കൊവിഡ് മരണം ഒൻപതായി. പുതുതായി രോഗം ബാധിച്ച 80 പേരിൽ 47 പേർ ഇന്ത്യക്കാരാണ്. അതേ സമയം പൊതുമാപ്പ് പ്രയോജനപ്പെടുത്തേണ്ട ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ അവസാനിച്ചു.

ഒരു ഇന്ത്യൻ പൗരനും, ബംഗ്ലാദേശി പൗരനുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 80 പേർക്ക് പുതുതായി കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1995 ആയി. പുതിയ രോഗബാധിതരിൽ 47 പേർ ഇന്ത്യക്കാരാണ്. 

നിലവിൽ കുവൈത്തിൽ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1132 ആയി. ചികത്സയിൽ ഉണ്ടായിരുന്ന 367 പേർ രോഗമുക്തി നേടി. തീവ്രപരിചരണ വിഭാഗത്തിൽ ഉള്ള 39 പേരിൽ 26 പേർ ഗുരുതരാവസ്ഥയിലാണന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

അതേ സമയം പൊതുമാപ്പ് പ്രയോജനപ്പെടുത്തേണ്ട ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ അവസാനിച്ചു. പാസ്പോർട്ട് ഉണ്ടങ്കിലും വിസ കാലാവധി അവസാനിച്ച അയ്യായിരത്തോളം ആളുകൾ ഇതുവരെ അവസരം പ്രയോജനപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. 

എന്നാൽ പാസ്പോർട്ട് ഇല്ലാത്തവർക്ക് ഇന്ത്യൻ എംബസി നൽകുന്ന ഔട്ട്പാസ് പ്രയോജനപ്പെടുത്താം. ഇത് എത്ര പേരുണ്ടന്ന കണക്ക് പുറത്ത് വന്നിട്ടില്ല. പൊതുമാപ്പ് ഉപയോഗിക്കുന്നവരെ കുവൈത്ത് സർക്കാർ സൗജന്യമായി നാട്ടിലെത്തിക്കും. എന്നാൽ കേന്ദ്ര സർക്കാർ ഇതുവരെ അനുകൂല തീരുമാനം അറിയിച്ചിട്ടില്ല. പൊതുമാപ്പ് ഉപയോഗിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് സർക്കാർ വ്യക്തമാക്കി.