Asianet News MalayalamAsianet News Malayalam

മദീനയിൽ പുതിയ രണ്ട് ആശുപത്രികൾ കൂടി വരുന്നു; നിര്‍മാണ കരാറുകള്‍ ഒപ്പുവെച്ചു

മദീന ഗവർണർ ഫൈസൽ ബിൻ സൽമാന്‍ രാജകുമാരന്റെ സാന്നിദ്ധ്യത്തിൽ ആശുപത്രികളുടെ നിർമാണത്തിനുള്ള കരാർ ഒപ്പുവെച്ചു. 

Two new hospitals are to be built in Medinah Saudi Arabia and agreement signed for construction afe
Author
First Published Mar 30, 2023, 9:47 PM IST

റിയാദ്: മദീനയിൽ പുതിയതായി രണ്ട് ആശുപത്രികൾ കൂടി നിർമിക്കുന്നു. അൽ-അൻസാർ, അൽ-സലാം എന്നിവയാണ് മദീനയിൽ പുതുതായി സ്ഥാപിക്കുന്ന വലിയ ആശുപത്രികൾ. മദീന ഗവർണർ ഫൈസൽ ബിൻ സൽമാന്‍ രാജകുമാരന്റെ സാന്നിദ്ധ്യത്തിൽ ആശുപത്രികളുടെ നിർമാണത്തിനുള്ള കരാർ ഒപ്പുവെച്ചു. ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് അൽഫൈസൽ, ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

അൽ-അൻസാർ ആശുപത്രി നിർമാണത്തിനുള്ള കരാർ ആരോഗ്യ മന്ത്രാലയവും തമാസുഖ്-അൽഗാനിം ഇന്റർനാഷനൽ കമ്പനി സഖ്യവും തമ്മിലാണ് ഒപ്പുവെച്ചത്. 244 കിടക്കകളുള്ള ആശുപത്രി രാജ്യത്ത് ബി.ഒ.ടി അടിസ്ഥാനത്തിൽ സ്വകാര്യ മേഖലയുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയം നടപ്പാക്കുന്ന ആദ്യത്തെ പദ്ധതിയാണ്. മദീന നിവാസികൾക്കും തീർഥാടകർക്കും സേവനം നൽകുന്നതിനായി നടപ്പാക്കുന്ന പദ്ധതി മസ്ജിദുന്നബവിയിൽ നിന്ന് 1.1 കിലോമീറ്റർ വടക്കുകിഴക്കാണ്. 13,035 ചതുരശ്ര മീറ്റർ വിസ്തൃതി വലിപ്പത്തിലാണ് ഇത് നിർമിക്കുന്നത്.

മറ്റൊരു കരാർ അൽസലാം വഖഫ് ആശുപത്രി പദ്ധതിയാണ്. മസ്ജിദുന്നബവിക്ക് പടിഞ്ഞാറ് 61 കിടക്കകളോട് കൂടിയതാണിത്. മദീന ഹെൽത്ത് സെന്റർ, ഇഹ്സാൻ ചാരിറ്റബിൾ പ്ലാറ്റ്ഫോം, മദീന അൽഷിഫ ഹെൽത്ത് എൻഡോവ്മെൻറ് എന്നിവരാണ് കരാർ ഒപ്പുവെച്ചത്. എട്ട് കോടി റിയാലാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. മദീനയിലെത്തുന്ന സന്ദർശകർക്ക് അടിയന്തര വൈദ്യസേവനങ്ങൾ ലഭ്യമാക്കുക, ഗുരുതരമായ കേസുകളിൽ പരിചരണം, സൂര്യാഘാതം എന്നിവയ്ക്ക് ചികിത്സ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കൂടാതെ ചടങ്ങിൽ വെച്ച് മൂന്ന് ആരോഗ്യ പദ്ധതികൾ മദീന ഗവർണർ ഉദ്ഘാടനം ചെയ്തു. 71 കിടക്കകൾ ശേഷിയുള്ള അൽഹറം ആശുപത്രി ഇതിലൊന്നാണ്. മേഖല വികസന അതോറിറ്റിയുടെ പിന്തുണയോടെ നൂതന സംവിധാനങ്ങളിൽ നടപ്പാക്കിയ ഈ ആശുപത്രി മസ്ജിദുന്നബവിയിൽ നിന്ന് ഏകദേശം 500 മീറ്റർ വടക്കുപടിഞ്ഞാറാണ്. പ്രാഥമികാരോഗ്യ സംരക്ഷണത്തിനായുള്ള ത്വയ്ബ, അൽസലാം ആരോഗ്യകേന്ദ്രങ്ങളും ഗവർണർ ഉദ്ഘാടനം ചെയ്തു.

Read also: സൗദിയിൽ മക്കയിലും മദീനയിലും ഉൾപ്പെടെ എവിടെയും വിദേശികൾക്ക് സ്വത്ത് വാങ്ങാം; നിയമം ഉടൻ

Follow Us:
Download App:
  • android
  • ios