അറസ്റ്റിലായ രണ്ട് പേരും അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഇത്തരം വീഡിയോകള്‍ വില്‍പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

മസ്‍‍കത്ത്: അശ്ലീല വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇരുവരും അശ്ലീല വീഡിയോകളുടെ വില്‍പന പ്രോത്സാഹിപ്പിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

അറസ്റ്റിലായ രണ്ട് പേരും അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഇത്തരം വീഡിയോകള്‍ വില്‍പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അറസ്റ്റിലായവര്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങളൊന്നും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ വെളിപ്പെടുത്തിയിട്ടില്ല.

പൊതുമര്യാദകളും സാമൂഹിക മൂല്യങ്ങളും രാജ്യത്തെ എല്ലാവരും പാലിക്കണമെന്നും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകിച്ചും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പോണ്‍ വീഡിയോകള്‍ ഒമാനില്‍ പൂര്‍ണമായി നിയമ വിരുദ്ധമാണ്. ഓണ്‍ലൈനിലൂടെയോ അതല്ലാത്ത മറ്റേതെങ്കിലും മാര്‍ഗങ്ങളിലൂടെയോ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഒമാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്
അജ്‍മാന്‍: വീടുകളില്‍ സ്ഥാപിക്കന്ന സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം എവിടെയും പങ്കുവെയ്‍ക്കരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. അതേസമയം വീടുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക ക്യാമ്പയിനിനും അജ്‍മാന്‍ പൊലീസ് തുടക്കം കുറിച്ചു.

സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് അജ്‍മാന്‍ പൊലീസ് സംഘടിപ്പിക്കുന്ന 'ഐസ് ഓഫ് ഹോം' എന്ന ക്യാമ്പയിന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ മീഡിയ ആന്റ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി മേജര്‍ നൂറ സുല്‍ത്താന്‍ അല്‍ ശംസിയാണ് വിശദീകരിച്ചത്. ഏത് തരം കുറ്റകൃത്യങ്ങളും തെളിയിക്കുന്നതിന് നിരീക്ഷണ ക്യാമറകള്‍ പൊലീസിനെ വളരെയധികം സഹായിക്കാറുണ്ട്. എന്നാല്‍ ആളുകളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടകുണ്ടെന്നും അവര്‍ പറഞ്ഞു. 

Read also: യുഎഇയിലെ ഫോൺ നമ്പറുകള്‍ രണ്ട് അക്കം വരെയാക്കി ചുരുക്കാം; പുതിയ പദ്ധതി ഇങ്ങനെ

അതുകൊണ്ടുതന്നെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളവര്‍ അതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എവിടെയും പ്രസിദ്ധീകരിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുന്നവര്‍ അതിന്റെ നിയമപരമായ പ്രത്യാഘാതം കൂടി അനുഭവിക്കാന്‍ ബാധ്യസ്ഥരാണ്. ഇത്തരം കാര്യങ്ങള്‍ പൊതുജനങ്ങളില്‍ ഭീതിയുണ്ടാക്കുമെന്നതിനാല്‍ അവ സുരക്ഷയെ അസ്ഥിരമാക്കാനും അതുവഴി പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനും കാരണമാവുമെന്നും അവര്‍ പറഞ്ഞു.